വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങി: കോണ്‍ഗ്രസ് നേതാവിന്റെ ബാഗില്‍ തോക്കും 7 ഉണ്ടകളും
പാലക്കാട്: പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് നേതാവിനെ ആയുധവുമായി പിടികൂടിയത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കായിട്ടായിരുന്നു കെ എസ് ബി എ തങ്ങള്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്.
Recommended Video
വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന് തോക്കും തിരകളും കണ്ടെത്തിയത്. ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം. തോക്ക് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ലൈസന്‍സ് ഉള്‍പ്പടേയുള്ള യാതൊരു രേഖയും കോണ്‍ഗ്രസ് നേതാവിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതോടെ അദ്ദേഹത്തെ സി ഐ എസ് എഫിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സി ഐ എസ് എഫ് ഉദ്യോഗസ്ഥർ തങ്ങളെ വിശദമായി ചോദ്യം ചെയ്തു. മറ്റ് ദുരുദ്ദേശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഉപയോഗിക്കാത്ത പഴയ തോക്കാണ് ബാഗില്‍ നിന്ന് കണ്ടെത്തിയതെന്നും ഡി സി സി വൈസ് പ്രസിഡന്റ് കൂടിയായ കെ എസ് ബി എ തങ്ങള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പാലക്കാട്ടെ പ്രമുഖ നേതാവായ കെ എസ് ബി എ തങ്ങൾ പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയർമാന്‍ കൂടിയാണ്. കണ്ടെത്തിയ തോക്കിനെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഏറെ പഴക്കം ചെന്ന തോക്കാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിനോ ബന്ധുക്കൾക്കോ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസില്ല എന്നാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന വിവരം.

കൂടുതൽ അന്വേഷണത്തിനായി കെ എസ് ബി എ തങ്ങളെ പീലമേട് പോലീസിന് കൈമാറി. .22എംഎം റിവോൾവറും അതില്‍ ഉപോയോഗിക്കുന്ന ഏഴ് ബുള്ളറ്റുകളുമാണ് കണ്ടെത്തിയത്. റിവോൾവർ ഉപയോഗിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. 15 വർഷത്തിലേറെയായി പട്ടാമ്പി എംഇഎസ് ഇന്റർനാഷണൽ സ്‌കൂൾ സെക്രട്ടറിയായി പ്രവർത്തിക്കുന്നുണ്ടെന്ന് തങ്ങൾ പോലീസിനോട് പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങാൻ അമൃത്സറിലേക്ക് പോവുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ബെംഗളൂരുവില്‍ നിന്നായിരുന്നു അമൃത്സറിലേക്കുള്ള വിമാനം. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവിനെ ആയുധങ്ങളുമായി പിടിച്ചെന്ന വാർത്ത ദേശീയ തലത്തിലും വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്.

വർഷങ്ങള്‍ക്ക് മുമ്പ് സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്റെ ബാഗില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ചെന്നെ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്ക്കിടയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. തോക്കു കൈവശമില്ലായിരുന്നെങ്കിലും ലൈസന്‍സ് തിരുവനന്തപുരത്തുനിന്ന് ഫാക്സില്‍വരുത്തിയതിനാല്‍ അഞ്ച് 0.38 എംഎം കാലിബര്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിണറായി വിജയനെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു.

തോക്ക് ലൈസന്‍സ് ഉണ്ടെന്നും വെടിയുണ്ടകള്‍ ബാഗില്‍ മറന്ന് വെച്ചതാണെന്നും പിണറായി വ്യക്തമാക്കിയതിനാലും മറ്റ് കൂടുതല്‍ നടപടികള്‍ അദ്ദേഹത്തിനെതിരെ സ്വീകരിച്ചിരുന്നില്ല. പക്ഷെ ഈ വിഷയം യു ഡി എഫും ബി ജെ പിയും വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ട് വരികയും ചെയ്തിരുന്നു












Click it and Unblock the Notifications