നൃത്തം ചെയ്യുന്നത് തടസപ്പെടുത്തിയ സംഭവം; ജില്ലാ ജഡ്ജിയുടെ നടപടിക്കെതിരെ പ്രതിഷേധം
പാലക്കാട്; ജില്ലാ ജഡ്ജിയുടെ പരാതിയെ തുടര്‍ന്ന് നൃത്താവിഷ്കാരം തടസപ്പെടുത്തിയതായി നർത്തകി നീന പ്രസാദ്. പാലക്കാട് സ്‌കൂളില്‍ നടന്ന പരിപാടിക്ക് അനുമതി ഉണ്ടായിരുന്നിട്ടും നൃത്തം ആരംഭിച്ച് മിനിറ്റുകൾക്കകം അവതരണം നിര്‍ത്താന്‍ ജഡ്ജിയായ കലാം പാഷ ആവശ്യപ്പെട്ടെന്നാണ് പരാതി. പാലക്കാട് ൽ പി സ്കൂളിൽ മോഹിനിയാട്ട കച്ചേരി അവതരിപ്പക്കവേയായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സ്കൂളിന് അടുത്ത് താമസിക്കുന്ന ജില്ലാ ജഡ്ജി പോലീസിനെ വിട്ട് പരിപാടി നിർത്താൻ ആവശ്യപെടുകയായിരുന്നുവെന്ന് നീന പറയുന്നു. തന്റെ നൃത്ത ജീവിതത്തില്‍ ഇതിന് മുന്‍പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പു.ക.സയുടെ പ്രതിഷേധ കുറിപ്പ് വായിക്കാം
പാലക്കാട് ഗവ.മോയൻ എൽ.പി.സ്കൂളിൽ ഒരു സാംസ്കാരിക സദസ്സിൻ്റെ അനുബന്ധമായി പ്രശസ്ത നർത്തകി ഡോ.നീനാപ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു. തൊട്ടടുത്തു താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരം പരിപാടി നിർത്തിവെക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയാണുണ്ടായത്. രാത്രി 8.30നു തന്നെ പരിപാടി തടസ്സപ്പെടുത്താൻ അദ്ദേഹം കൽപ്പിച്ചതായി അറിയുന്നു.
ലോകത്തിൽ പലയിടത്തും ഇന്ത്യയിലും മതഭീകരസംഘങ്ങൾ അധികാരത്തിലെത്തിയിരിക്കുന്ന കാലമാണിത്. അവർ ഏറ്റവും അസഹിഷ്ണതയോടെ കാണുന്നത് കലയേയും സാഹിത്യത്തേയുമാണ്. മതരാഷ്ട്രീയക്കാരിൽ നിന്നു പുറപ്പെടുന്ന ഈ അസഹിഷ്ണുത ജനാധിപത്യവിരുദ്ധതയുടെ വിളനിലമായ മധ്യവർഗ്ഗമനസ്സുകളെ ബാധിച്ചിരിക്കുന്നു. എറണാകുളം നഗരത്തിലെങ്ങും ചുവന്നകൊടികൾ കണ്ടപ്പോൾ ചിലർ വിറളിപിടിച്ചതായി ഈയിടെ കേട്ടു. അധികാരത്തിൻ്റെ ഏതു തലത്തിലിരിക്കുന്നവരും ഓർക്കേണ്ട ഒരു സംഗതി: കലയേയും സർഗ്ഗാവിഷ്ക്കാരങ്ങളേയും പൗരസ്വാതന്ത്ര്യത്തേയും ആദരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത് എന്നാണ്. സംസ്കാരത്തിൻ്റേയും മതേതര ജനാധിപത്യത്തിൻ്റേയും മാധ്യമമായ കലാരൂപങ്ങൾക്കെതിരായ നീക്കം കേരളത്തിൽ ഉണ്ടാകാൻ അനുവദിക്കരുത്. ബ്യൂറോക്രാറ്റുകളേക്കാളും ന്യായാധിപന്മാരേക്കാളും ഉയർന്ന പരിഗണനയാണ് ഇവിടത്തെ ജനങ്ങൾ എന്നും കലാകാരന്മാർക്ക് നൽകിയിട്ടുള്ളത്. തന്നേക്കാൾ സമുന്നതസ്ഥാനം ഒരു ഗായികക്ക് (എം.എസ്.സുബ്ബലക്ഷ്മിക്ക്) നൽകിയ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നത് ഓർക്കണം.
രണ്ടു പ്രളയങ്ങളും തുടർന്ന് കോവിഡ് മഹാമാരിയും കേരളത്തിലെ പെർഫോമൻസ് ആർടിസ്റ്റുകളുടെ ജീവിതത്തെ പാടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പതുക്കെ പതുക്കെ അരങ്ങുകൾ ഉണർന്നു വരികയാണ്. ജനങ്ങൾ കലാവിഷ്ക്കാരവേദികളിലേക്ക് ആവേശത്തോടെ കടന്നു വരുന്നു. ഈ സന്ദർഭത്തിൽ ഉയർന്നു സർഗ്ഗാവിഷ്ക്കാരങ്ങൾക്കെതിരെ ഉയർന്നു വരുന്ന ഭീഷണിയെ ജനങ്ങൾ ഒന്നിച്ചു നിന്ന് എതിർക്കണം.












Click it and Unblock the Notifications