മുഖ്യമന്ത്രിയുമായി ദേവഗൗഡ ചർച്ച നടത്തിയിട്ടില്ല; എച്ച് ഡി ദേവഗൗഡയെ തള്ളി കേരള ജെഡിഎസ്
പാലക്കാട് : ജെ ഡി എസ് - എൻ ഡി എ സഖ്യത്തിന് പിണറായി വിജയൻ സമ്മതം നൽകിയിരുന്നുവെന്ന എച്ച് ഡി ദേവഗൗഡയുടെ വാദത്തെ തള്ളി ജെ ഡി എസ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവഗൗഡ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കെ കൃഷ്ണൻ കുട്ടി പറഞ്ഞു. കേരളത്തിലെ ജെ ഡി എസ് ഘടകത്തിന് ദേവഗൗഡയും എൻ ഡി എയും തമ്മിലുള്ള ബന്ധത്തിനോട് എതിർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് പൂർണമായും എൻ ഡി എയ്ക്ക് എതിരാണ്. എൻ ഡി എ സഖ്യത്തിന് കേരള ജെ ഡി എസ് എസ് ഘടകമോ മുഖ്യമന്ത്രി പിണറായി വിജയനോ സമ്മതം മൂളിയിട്ടില്ലെന്നും കെ കൃഷ്ണൻ കുട്ടി പറഞ്ഞു. നേരത്തെ ഞാനും മാത്യു ടി തോമസും ദേവഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകത്തിൽ ജെ ഡി എസ് - എൻ ഡി എയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതമറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് കേരളത്തിൽ ഇപ്പോഴും ജെ ഡി എസ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം തളളുകയാണ് കേരളത്തിലെ ജെ ഡി എസ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ വാക്കുകൾ.
കർണാടകയിൽ ജെ ഡി എസ് ബി ജെ പിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാനാണ്. ഇത് കേരള മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ജെ ഡി എസ് - എൻ ഡി എ സഖ്യത്തിന് അദ്ദേഹത്തിന് പൂർണ സമ്മതമാണെന്നും എച്ച് ഡി ദേവഗൗഡ കൂട്ടിച്ചേർത്തു. ജെ ഡി എസ് സംസ്ഥാന ഘടകം ഇപ്പോഴും ജെ ഡി എസിൽത്തന്നെയുണ്ടെന്നാണ് എച്ച് ഡി ദേവഗൗഡ പറഞ്ഞത്.
എന്നാൽ കേരളത്തിലെ ജെ ഡി എസ് ഘടകത്തിന് ദേവഗൗഡയും എൻ ഡി എയും തമ്മിലുള്ള ബന്ധത്തിനോട് എതിർപ്പാണെന്നാണ് കെ . കൃഷ്ണൻ കുട്ടി പ്രതികരിച്ചത്. നേരത്തെ ജെ ഡി എസ് കേരളാ ഘടകം എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ നടക്കുന്ന എൻ ഡി എ സഖ്യത്തിലേക്ക് പോകുന്നതിനെ എതിർക്കുകയും എൽ ഡി എഫിൽ ഉറച്ചു നിൽക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എൻ ഡി എ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനെതിരെ കേരള ജെ ഡി എസ് പ്രമേയവും പാസാക്കിയിരുന്നു.












Click it and Unblock the Notifications