എൽഡിഎഫ്- യുഡിഎഫ് ഐക്യപ്പെടലിനെതിരെ കേരളം വിധിയെഴുതും; കെ സുരേന്ദ്രൻ
സി പി എമ്മിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് യു ഡി എഫിനാണ് പോയതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. എൽ ഡി എഫിന്റെ വോട്ടുകൾ ഏത് ഡീലിന്റെ ഭാഗമായിട്ടാണ് ഷാഫിക്ക് ലഭിച്ചതെന്ന കാര്യത്തിൽ വിഡി സതീശനും വിശദീകരിക്കണമെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അൻവറുമായുണ്ടാക്കിയ ഡീലെന്താണെന്നും യു ഡി എഫ് പറയണം. എന്ത് പ്രത്യുപകാരമാണ് അൻവറിന് യു ഡി എഫ് ചെയ്തുകൊടുക്കാൻ പോകുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കണം. വർഗീയ ശക്തികളുടെ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പറയാൻ ഇരുമുന്നണികളും എന്തുകൊണ്ടാണ് ധൈര്യം കാട്ടാത്തത് എന്നും സുരേന്ദ്രൻ ചോദിച്ചു. എൽ ഡി എഫ്- യു ഡി എഫ് ഐക്യപ്പെടലിനെതിരെ കേരളം ഈ ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം പാലക്കാട് ബി ജെ പിയിൽ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സി കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ പങ്കാളിത്തം കുറഞ്ഞത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. ശോഭ സുരേന്ദ്രൻ പക്ഷത്തെ സംസ്ഥാന നേതാക്കളും നഗരസഭ കൗൺസിലർമാർ അടക്കമുള്ളവരുമാണ് ഷോയിൽ നിന്നും വിട്ട് നിന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച സംഭവവും ഉണ്ടായി. കൃഷ്ണകുമാർ പക്ഷക്കാരാണ് പിന്നിലെന്നാണ് ശോഭ പക്ഷം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ യുഡിഎഫ് ആണെന്നാണ് കൃഷ്ണകുമാർ വിഭാഗത്തിന്റെ വാദം. അതേസമയം വിഭാഗീയത രൂക്ഷമാകുന്നത് പാലക്കാട് ബി ജെ പിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബി ജെ പി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പാലക്കാട്. നേതൃത്വം ആഞ്ഞ് പിടിച്ചാൽ മണ്ഡലത്തിൽ വിജയം കൊയ്യാമെന്നാണ് ഇവർ പറയുന്നത്. ഒന്നിച്ച് പോരാടുന്നതിന് പകരം പരസ്പരം പോരാടുന്നത് എതിരാളികൾക്ക് കാര്യങ്ങൾ അനുകൂലമാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications