'നയിക്കാൻ മുരളിയേട്ടൻ വരട്ടെ'; കെ മുരളീധരന് വേണ്ടി പാലക്കാടും പോസ്റ്റർ
പാലക്കാട്; തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടിനും പിന്നാലെ പാലക്കാടും കെ മുരളീഘരന് വേണ്ടി പോസ്റ്റർ. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന് വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തൃശൂരിൽ കനത്ത തോൽവി രുചിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി താൻ ഇല്ലെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്. പരാജയത്തിൽ തൃശൂർ ഡിസിസിക്കെതിരേയും മുരളീധരൻ ആഞ്ഞടിച്ചിരുന്നു. പിന്നാലെയാണ് ഇനി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് മുരളീധരൻ വ്യക്തമാക്കിയത്. എന്നാൽ മുരളീധരനെ പോലൊരു നേതാവ് ഈ സാഹചര്യത്തിൽ മാറി നിൽക്കുന്നത് കോൺഗ്രസിന് വലിയ ക്ഷീണം തീർക്കും. പ്രത്യേകിച്ച് സഹോദരിയായ പത്മജ ബി ജെ പിയിലേക്ക് പോയ കൂടി സാഹചര്യത്തിൽ.

കോൺഗ്രസുകാർ മുരളീധരനെ പിന്നിൽ നിന്ന് കുത്തുമെന്നും തന്റെ അനുഭവം അതാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പത്മജ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയത്. തിരഞ്ഞെടുപ്പിൽ മുരളീധരൻ പരാജയപ്പെടും, അദ്ദേഹം ഡി സി സി നേൃത്വത്വത്തിനെതിരെ രംഗത്തെത്തുമെന്നും പത്മജ പറഞ്ഞിരുന്നു. ഇതെല്ലാം ഇപ്പോൾ ഫലിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ മുരളീധരൻ നേതൃത്വത്തിനെതിരെ രംഗത്തെത്തിയാൽ അത് കോൺ്രസിന് തിരിച്ചടിയാകും. ഇതോടെ മുരളിയുടെ പിണക്കം മാറ്റാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.
ഇപ്പോഴത്തെ അതൃപ്തി മറന്ന് മുരളീധരൻ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. അദ്ദേഹം മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ പറഞ്ഞത്. ഷാഫി പറമ്പിലിന് പകരക്കാരനായി മുരളി എത്തിയാൽ വിജയം സുനിശ്ചിതമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യു ഡി എഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം അവർക്കുണ്ട്. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മുരളീധരൻ എത്തിയാൽ വളരെ എളുപ്പം ജയിച്ചുകയറാമെന്നാണ് നേതാക്കൾ പറയുന്നത്. എന്തായാലും മുരളീധരൻ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications