സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ്; അമ്പതോളം പേരെ പറ്റിച്ച അഞ്ചംഗ സംഘം പിടിയില്‍
പാലക്കാട്: വിവാഹതട്ടിപ്പിലൂടെ പണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് കൊഴിഞ്ഞമ്പാറ പൊലീസിന്റെ പിടിയിലായത്. ചിറ്റൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സേലം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വന്‍ തട്ടിപ്പ് പുറത്തായതും അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പില്‍പ്പെട്ടത്. സുനിലാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
മണികണ്ഠന്റെ വിവാഹപരസ്യം കണ്ട തട്ടിപ്പ് സംഘം ഇയാളെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. സജിതയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് സംഘം മണികണ്ഠനോട് ആവശ്യപ്പെടുകയായിരുന്നു. വിവാഹം നടത്തിയ വകയില്‍ സംഘം മണികണ്ഠന്റെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപയും കൈപ്പറ്റി.

എന്നാല്‍ വിവാഹ ദിവസം വൈകുന്നേരം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനുമെത്തി. തൊട്ടടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ഫോണും സ്വിച്ച് ഓഫായി. ഒരാഴ്ചയോളം ഫോണ്‍ സ്വിച്ച് ഓഫ് ആയി തുടര്‍ന്നതോടെ സുഹൃത്തുക്കളോടൊപ്പം മണികണ്ഠന്‍ നടത്തിയ അന്വേഷണത്തിലാണ് എല്ലാം വ്യാജമാണെന്ന് മനസിലായത്.
ഇതോടെ മണികണ്ഠന്‍ കൊഴിഞ്ഞമ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയത്. സമാന രീതിയില്‍ അമ്പതോളം പേരെ തട്ടിപ്പിനിരയാക്കിയുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications