സോഷ്യല്‍ മീഡിയ താരങ്ങളുടെ പാര്‍ട്ടിക്ക് എംഡിഎംഎ; ഇന്‍സ്റ്റഗ്രാം താരവും സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയും സുഹൃത്തും അറസ്റ്റില്‍. സൗത്ത് കേരള സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ തൃശൂര്‍ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കല്‍ വീട്ടില്‍ ഷെമീനയും സുഹൃത്ത് എടശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റയീസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
62 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സോഷ്യല്‍ മീഡിയ താരങ്ങളും പങ്കെടുക്കുന്ന ലഹരി പാര്‍ട്ടിയിലേക്കാണ് ഇവര്‍ എം ഡി എം എ കൊണ്ടുപോയതെന്ന വിവരം ലഭിച്ചിട്ടുണ്ട്. 2019ല്‍ തിരുവമ്പാടി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് കേസുകളിലും ഷമീന പ്രതിയാണ്.

ഐ ടി ജീവനക്കാരനാണ് മുഹമ്മദ് റയീസ്. മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ബംഗളൂരുവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുമായി ഇവര്‍ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, കൊപ്പം പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ കൊപ്പം മണ്ണേങ്കോട് അത്താണിക്ക് വെച്ച് 18.28 ഗ്രാം ങഎം ഡി എം എയുമായി കൊപ്പം വിളയൂര്‍ സ്വദേശിയെ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിളയൂര്‍ തോണിക്കടവത്ത് മുഹമ്മദ് നാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടില്‍ വില്പന നടത്തുന്നതിന്നായി പ്രതി ബംഗളൂരിവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉള്‍പ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും കൊപ്പം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി ആര്‍.മനോജ് കുമാര്‍, ഷൊര്‍ണൂര്‍ ഡി വൈ എസ് പി ഹരിദാസ് പി സി എന്നിവരുടെ നേത്യത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജേഷ് എം ബി യുടെ നേതൃത്വത്തിലുള്ള കൊപ്പം പൊലീസും സബ്ബ് ഇന്‍സ്‌പെക്ടര്‍ എച്ച് ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയെയും പിടികൂടിയത്.












Click it and Unblock the Notifications