സദാചാരക്കൊല; അയല്‍വാസികളായ മൂന്നുപേര്‍ അറസ്റ്റില്‍
പാലക്കാട്: കുലുക്കല്ലൂരില്‍ മദ്ധ്യവയസ്‌കനെ കൊലചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുലുക്കല്ലൂര്‍ സ്വദേശികളായ ഷാജു, രാജേഷ്, സെയ്ദലവി എന്നിവരാണ് അറസ്റ്റിലായത്. മൂപ്പതോളം പ്രതികള്‍ ചേര്‍ന്നാണ് കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടിയില്‍ പ്രഭാകരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
പതിനൊന്നോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഭാകരന്റെ മരണത്തോടെ പലരും വീടുകളില്‍ നിന്നും മാറി താമസിക്കുകയാണ്. സംഭവം സദാചാര പ്രശ്‌നത്തില്‍ ഉടലെടുത്ത കൊലപാതകം തന്നെയാണെന്ന് പോലീസ് സ്ഥിതീകരിച്ചു. സമീപവാസിയായ സ്ത്രീയുമായി പ്രഭാകരന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഞായറാഴ്ച രാത്രിയാണ് പ്രഭാകരന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. രാത്രി 7.30ഓടെ കുലുക്കല്ലൂര്‍ എരവത്രയില്‍ എത്തിയ പ്രഭാകരനെ സമീപവാസികള്‍ തടഞ്ഞുവെക്കുകകയായിരുന്നു. അടുത്തുള്ള വീട്ടിലെ സ്ത്രീയെ കാണാനെത്തിയെന്ന് ആരോപിച്ചാണ് തടഞ്ഞത്. സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നും തടഞ്ഞുവെച്ചവര്‍ ആവശ്യപ്പെട്ടെങ്കിലും പ്രഭാകരന്‍ സമ്മതിച്ചില്ല.
ഇതോടെ ഇയാളെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ താഴെവീണ പ്രഭാകരനെ നാട്ടുകാര്‍ വലിച്ചിഴച്ച് സ്ത്രീയുടെ പറമ്പിനരുകില്‍ കൊണ്ടിട്ടും മര്‍ദ്ദിച്ചു. ബോധമില്ലെന്നു മനസിലായതോടെ സംഘം സ്ഥലം വിടുകയായിരുന്നു. ഇതിനിടയില്‍ പ്രഭാകരന്റെ ഫോണില്‍ നിന്നും മകനെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍ വീട്ടുകാര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് പോലീസെത്തി പിറ്റേദിവസമാണ് ബോഡി നീക്കം ചെയ്തത്.












Click it and Unblock the Notifications