നീ ഈ മുഖം വെച്ച് ഇനി റീൽസ് ചെയ്യേണ്ട'; ആസിഡ് ഒഴിക്കുന്നതിന് മുൻപ് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് ബർഷീന
പാലക്കാട്: ആസിഡ് ആക്രമണത്തിന് മുൻപ് ഭർത്താവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ബർഷീന. തന്റെ കൂടെ ജീവിച്ചില്ലെങ്കിലും മറ്റൊരാൾക്കൊപ്പം ജീവിക്കാൻ നിന്നെ അനുവദിക്കില്ലെന്നാണ് ഭർത്താവ് ഭീഷണിപ്പെടുത്തിയതെന്ന് ബർഷീന പറഞ്ഞു. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവ് ഖാജാ ഹുസൈൻ ആസിഡ് ഒഴിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാളെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
'എന്റെയൊപ്പം ജീവിച്ചില്ലെങ്കിലും നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞത്. അയാൾ ഭയങ്കര പൊസസീവ് ആണ്. ഞാൻ പുറത്ത് ആരോടും സംസാരിക്കാൻ പാടില്ല. ഞാൻ റീൽസ് ചെയ്യുന്നതും അയാൾക്ക് ഇഷ്ടമല്ല. നിന്റെ മുഖം നശിപ്പിക്കും ഞാൻ എന്ന് പറഞ്ഞിരുന്നു,' ബർഷീന പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.ഖാജാ ഹുസൈനെ ഇനി പുറത്ത് വിടരുതെന്നും ഖാജാ ഹുസൈൻ മാനസിക രോഗിയാണെന്നും ബർഷീന പറഞ്ഞു.

തിങ്കളാഴ്ചയാണ് പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്. രാവിലെ യുവതിയുടെ ലോട്ടറികടയിൽ വെച്ചാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ഒന്നര വർഷമായി ഇയാളും ബർഷീനയും തമ്മിൽ പ്രശ്നത്തിലായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്. മക്കളെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ കടയിൽ കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ബർഷീനയുടെ ഫോണെടുക്കാനും ഇയാൾ ശ്രമിച്ചു.
വാഗ്വാദത്തിന് ശേഷം കയ്യിലുണ്ടായിരുന്ന കുപ്പിയിൽ കരുതിയ ആസിഡ് പുറത്തെടുത്ത് ബർഷീനയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ബർഷീന മുഖം വെട്ടിച്ചുമാറ്റിയെങ്കിലും ഇടത് കൺപോളയിലും മൂക്കിനുമുകളിലും ചുണ്ടിലും കഴുത്തിലും ആസിഡ് വീണു. തുടർന്ന് ഇവർ നിലത്ത് വീണ് പിടയുകയായിരുന്നു. ഇത് കണ്ട് സമീപത്തെ കടയിൽ ഉണ്ടായിരുന്നവർ ഓടിയെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം വീര്യം കുറഞ്ഞ ആസിഡ് ആയതിനാൽ മാത്രമാണ് ശരീരത്തിൽ ഗുരുതരമായ പൊള്ളൽ ഏൽക്കാതിരുന്നതെന്ന് പോലീസ് അറിയിച്ചു. ടൈൽസ് വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന വീര്യം കുറഞ്ഞ ഹൈഡ്രോക്ലോറിക് ആസിഡാണ് പ്രതി ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒരു വർഷം മുമ്പ് പിതാവ് ബാബു മരിച്ചതിന് പിന്നാലെയായിരുന്നു ബർഷീന ലോട്ടറിക്കട നടത്തിത്തുടങ്ങിയത്. ഖാജാ ഹുസൈന് ഫാൻസി സ്റ്റോറായിരുന്നു. ഇയാൾ ഇപ്പോൾ ചെന്നൈയിലാണ്. മനഃപൂർവം ആസിഡ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം.












Click it and Unblock the Notifications