പാലക്കാട് കോൺഗ്രസിന് വീണ്ടും ഞെട്ടൽ; മറ്റൊരു നേതാവ് കൂടി പാർട്ടി വിട്ടു, സിപിഎമ്മിലേക്ക്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസിൽ തുടങ്ങിയ പൊട്ടിത്തെറിക്ക് ഇപ്പോഴും ശമനമില്ല. ഏറ്റവും ഒടുവിലായി മറ്റൊരു പ്രാദേശിക നേതാവ് കൂടി പാർട്ടി വിട്ടിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പാലക്കാട് ഈസ്റ്റ് മുൻ മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം ആണ് രാജിവെച്ചത്. അദ്ദേഹം സിപിഎമ്മുമായി സഹകരിക്കുമെന്ന് സൂചന. സിപിഎം ഓഫീസിൽ എത്തി ഹക്കീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെഎ സുരേഷ് പാർട്ടി വിട്ടിരുന്നു. ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷമായി തുറന്നടിച്ചായിരുന്നു സുരേഷിന്റെ രാജി. ഷാഫി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. രാജിവെച്ചതിന് പിന്നാലെ സി പി എം ഓഫീസിലെത്തിയ സുരേഷ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പി സരിന് പിന്തുണ പ്രഖ്യാപിച്ചു.

നേരത്തേ പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പി സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഷാഫി പറമ്പിലിനെതിരെ തന്നെയായിരുന്നു ഇരുവരുടേയും ആരോപണം. ഷാഫി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ലെന്നാണ് ഇരുവരും ഉയർത്തിയ വിമർശനം. അതേസമയം പ്രാദേശിക നേതാക്കളുടെ ഈ കൂട്ടക്കൊഴിഞ്ഞ് പോക്ക് കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് സി പി എം പറയുന്നത്.
എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗ്ഗീയകക്ഷികളുമായി സന്ധി ചെയ്യുന്ന കോൺഗ്രസ് നിലപാടിൽ മതേതരവാദികളായ കോൺഗ്രസുകാർ അതൃപ്തരാണെന്നും കൂടുതൽ പേർ ഇനിയും പുറത്തുവരുമെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. അധികാരത്തിനായി ബി ജെ പിയുമായും കോൺഗ്രസ് നീക്ക് പോക്ക് നടത്തുകയാണെന്നാണ് പാർട്ടു വിട്ടവർ പറയുന്നത്. നഗരസഭയ്ക്കെതിരെ സമരമുയർത്തിക്കൊണ്ടുവരുമ്പോൾ ഒത്തുതീർപ്പുണ്ടാക്കി ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. പാലക്കാട് ഷാഫി നടപ്പിലാക്കുന്നത് സംസ്ഥാന കോൺഗ്രസിൻ്റെ നിർദേശങ്ങളാണ്. ഉപതെരഞ്ഞെടുപ്പിൽ ഷാഫി പരിശ്രമിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണെന്നും സുരേഷ് ബാബു ആരോപിച്ചു.
ഓട്ടോ ചിഹ്നത്തിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഷാഫിയുടെ നോമിനിയാണ്. പിൻവലിക്കാൻ മറന്നുപോയെന്നത് ചോദ്യങ്ങളെ അവഗണിക്കാനുള്ള പ്രതികരണമാണ്. മണ്ഡലത്തിൽ പി സരിൻ തന്നെ വിജയിക്കും. സരിന് പിന്തുണ അറിയിച്ച് കോൺഗ്രസിൽ നിന്നും ആളുകൾ എത്തുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications