Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവേശം തീർത്ത് പാലക്കാട്ടെ കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിച്ചു, 20 ന് വിധിയെഴുത്ത്

ഒരു മാസത്തോളം നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പരസ്യപ്രചരണത്തിന് അവസാനം. വമ്പൻ ആവേശമായിരുന്നു ഇന്ന് കൊട്ടിക്കലാശത്തിൽ ദൃശ്യമായത്. യു ഡിഎഫും എൽഡിഎഫും എൻഡിഎയും നഗരത്തെ ഇളക്കിമറിച്ചുകൊണ്ടാണ് പ്രചരണത്തിന് അവസാനം കുറിച്ചത്. മൂന്ന് മുന്നണികളുടേയും നൂറ് കണക്കിന് പ്രവർത്തകരാണ് ബസ്റ്റാന്റ് കേന്ദ്രീകരിച്ചുനടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളാകയത്. മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.

ആട്ടും പാട്ടും മേളവുമെല്ലാം നിറഞ്ഞതായിരുന്നു കൊട്ടിക്കലാശം. എൽഡിഎഫ് സ്ഥാനാർത്ഥി പി സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറി കെ എൻ സുരേഷ് ബാബുവും പ്രചരണത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനായി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ തുടങ്ങിയ പ്രമുഖരാണ് ഇറങ്ങിയത്. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളാണ് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വേണ്ടി എത്തിയത്.

palakkad2

ചൊവ്വാഴ്ച നിശബ്ദ പ്രചാരണമാണ്. 20 നാണ് വോട്ടെടുപ്പ്. 23 നാണ് ഫലപ്രഖ്യാപനം. മൂന്ന് മുന്നണികളും വലിയ വിജയപ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്. കോൺഗ്രസിന്റെ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോക്സയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയായിരുന്നു പാലക്കാട് നടന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യ പൊട്ടിത്തെറി ഉണ്ടായത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ യുവനേതാവായ പി സരിൻ നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും പാർട്ടി വിടുകയും ചെയ്തു. പിന്നാലെ അദ്ദേഹം സിപിഎമ്മിൽ ചേക്കേറി. അവസരം മുതലെടുത്ത സിപിഎം സരിനെ തന്നെ സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പ് കളം കൊഴുപ്പിച്ചു. സരിന് പിന്നാലെയും കോൺഗ്രസിൽ നിരവധി പേർ രാജിവെച്ചിരുന്നു. ചിലർ സിപിഎമ്മിൽ ചേരുകയും ചെയ്തു.

ബിജെപിയിലും സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. അവസാന നിമിഷം വരെ ശോഭ സുരേന്ദ്രന്റെ പേരായിരുന്നു ചർച്ചകളിൽ നിറഞ്ഞത്. എന്നാൽ സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടർന്ന് ശോഭ പക്ഷത്തെ പല നേതാക്കളും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് ട്രോളി വിവാദം ഉണ്ടായത്. കോൺഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണമൊഴുക്കിയെന്നും നീല ട്രോളിയിൽ ഹോട്ടലിലേക്ക് പണമെത്തിച്ചുവെന്നുമായിരുന്നു സിപിഎം ആരോപണം. ആരോപണത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ നടന്ന രാത്രി റെയ്ഡും തുടർ സംഘർഷങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി.

ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനമായിരുന്നു അവസാന ലാപ്പിലെ മറ്റൊരു ട്വിറ്റ്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+