പാലക്കാട്ടെ ഫലം യുഡിഎഫിനും ബിജെപിക്കും ആഘാതമായിരിക്കും; സിപിഎം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ് ബാബു
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ വിജയിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. മണ്ഡലം നിലനിർത്താൻ യു ഡി എഫ് കുബുദ്ധി ഉപയോഗിച്ചുവെന്നും മണ്ഡലം പിടിച്ചെടുക്കാൻ ബി ജെ പി കുപ്രചരണം നടത്തിയെന്നും സുരേഷ് ബാബു ആരോപിച്ചു. കോൺഗ്രസിന് ബൂത്തിലിരിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്നും ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വൻ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് വിജയിക്കും എന്നും ബി ജെ പി മൂന്നാം സ്ഥാനത്താകുമെന്നും സുരേഷ് ബാബു പറഞ്ഞു. മണ്ഡലത്തിൽ യു ഡി എഫ് മൂന്നാമതാകുമെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് പറയാതെ പറയുന്നത് റിസൾട്ട് എൽ ഡി എഫിന് അനുകൂലമാണ് എന്നും സന്ദീപ് വാര്യർ ശരീരം കൊണ്ട് മാത്രം കോൺഗ്രസിൽ നിൽക്കുന്ന ആളാണെന്നും സുരേഷ് ബാബു പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി ബൂത്തിൽ കുഴപ്പം ഉണ്ടാക്കി വാർത്ത ഉണ്ടാക്കിയെന്നും സന്ദീപ് പറഞ്ഞതിനെ ഷാഫി ന്യായീകരിച്ചത് ഒരു നേതാവ് എത്ര തരംതാണു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനാർത്ഥിക്ക് ഒപ്പം ഒരുപട പറ്റില്ലെന്നാണ് തങ്ങൾ പറഞ്ഞതെന്നും എന്നാൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നിലവിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദം ഉണ്ടാക്കി നാല് വോട്ട് ഉണ്ടാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും കുതന്ത്രങ്ങൾ യു ഡി എഫിന് തന്നെ വിനയായെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഫലം യു ഡി എഫിനും ബി ജെ പിക്കും ആഘാതമായിരിക്കും ഷാഫിക്ക് വടകരയ്ക്ക് വണ്ടി കയറാം. വി ഡി സതീശൻ പറവൂരിൽ തന്നെ കെട്ടിത്തിരിയേണ്ടി വരും, തങ്ങളുടെ വോട്ടർമാരെ എല്ലാം ബൂത്തിൽ എത്തിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
എൽ ഡി എഫ് പ്രക്ഷോഭം മൂലം വ്യാജ വോട്ടർമാർ അതേപടി പോളിംഗ് ബൂത്തിലെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് വോട്ട് ചെയ്യാതിരുന്നത് കള്ളവോട്ടാണെന്ന് ബോധ്യമുള്ളത് കൊണ്ടാണെന്നും തടയുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും ഹരിദാസിന് ഉളുപ്പുള്ളത് കൊണ്ടാണ് വോട്ട് ചെയ്യാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.












Click it and Unblock the Notifications