ഷാഫിയെ രക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ആർക്കൊപ്പം?; ഷാനിബിന്റെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്
പി സരിന് പിന്നാലെ മറ്റൊരു യുവ നേതാവ് കൂടി പാലക്കാട് കോൺഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ടത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം ബി ജെ പിയെ ജയിപ്പിക്കാനല്ല മറിച്ച് വിഡി സതീശനേയും ഷാഫി പറമ്പിലിനേയും പാഠം പഠിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ഷാനിബ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചത്. ഇരുനേതാക്കൾക്കെതിരേയും അതിരൂക്ഷവിമർശനങ്ങളാണ് ഷാനിബ് ഉന്നയിച്ചത്.
വിഡി സതീശന് അധികാരഭ്രമമാണെന്നും മുഖ്യമന്ത്രിയാകാൻ ആരുമായും കൂട്ടുകൂടാൻ അദ്ദേഹം തയ്യാറാണെന്നും ഷാനിബ് ആരോപിച്ചു. മാത്രമല്ല പാലക്കാട് ബിജെപിയെ ജയിപ്പിക്കാനുള്ള പഴുതുകളാണ് വിഡി സതീശൻ പരിശോധിക്കുന്നതെന്നും ഷാനിബ് കുറ്റപ്പെടുത്തി. പിവി അൻവറിനെ പരസ്യമായി വെല്ലുവിളിച്ചതും പാലക്കാട് മത്സരിക്കാൻ പ്രേരിപ്പിച്ചതുമെല്ലാം ഇതിനുള്ള വ്യക്തമായ സൂചനയാണെന്നാണ് ഷാനിബ് ആരോപിക്കുന്നത്. ഷാഫി പറമ്പിലിനെതിരേയും കടുത്ത ആരോപണങ്ങളാണ് ഷാനിബ് ഉയർത്തിയത്.

ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരുമ്പോൾ സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ഷാനിബ്. ആ സമയത്ത് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ ഷാഫി നടത്തിയിരുന്നുവെന്നാണ് ഷാനിബിന്റെ ആരോപണം. പാലക്കാട് നിന്ന് ന്യൂനപക്ഷത്ത് നിന്നുള്ള ഒരു നേതാവിനെ പോലും വളരാൻ ഷാഫി അനുവദിച്ചിരുന്നില്ല. വിഡി സതീശൻ മനസിൽ ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കുകയാണ് ഷാഫി. ഇരുവരും പാർട്ടിയിൽ ഏകാധിപത്യ നിലപാടാണ് പിന്തുടരുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതേസമയം ഷാനിബിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് പാലക്കാട് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷാനിബ് ന്യൂനപക്ഷ വോട്ടിൽ വിള്ളൽ വീഴ്ത്തുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. ഷാനിബിനെ പോലെ തന്നെ പ്രാദേശിക വാദം ഉയർത്തിയായിരുന്നു പി സരിനും പാർട്ടി വിട്ടത്. സരിനൊപ്പം നേതാക്കളാരും പാർട്ടി വിട്ടിരുന്നില്ല. എന്നാൽ ഷാനിബിനൊപ്പം കൂടുതൽ പേർ, പ്രത്യേകിച്ച് യുവാക്കൾ പാർട്ടി വിടുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്. അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായാൽ അത് ന്യൂനപക്ഷ വോട്ട് ഭിന്നിക്കാൻ കാരണമയേക്കും.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലും ബി ജെ പി സ്ഥാനാർത്ഥിയായ ഇ ശ്രീധരനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. ഒടുവിൽ മൂവായിരത്തോളം വോട്ടുകൾക്ക് ഷാഫി വിജയിയിച്ചു. അന്ന് ഷാഫിയുടെ വിജയത്തിൽ നിർണായകമായത് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകളാണ്. പാലക്കാട് മണ്ഡലത്തിൽ ആകെ
ഒരു ലക്ഷത്തി എൺപതിനായിരം വോട്ടുകളാണ് ഉള്ളത്. ഇതിൽ 40000 ന്യൂനപക്ഷ വോട്ടുകളാണ്. പാലക്കാട് നഗരസഭ ബി ജെ പിയുടെ കീഴിൽ ആണെങ്കിലും ഇവിടെയുള്ള മേപ്പറമ്പ്, തിരുനെല്ലായി പ്രദേശങ്ങൾ ന്യൂനപക്ഷങ്ങളുടെ ശക്തികേന്ദ്രമാണ്. മാത്രമല്ല മാത്തൂര്, പിരായി, കണ്ണാടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ന്യൂനപക്ഷങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ട്. ഈ വോട്ടുകൾ പെട്ടിയിലാക്കാൻ ഷാനിബിന് കഴിഞ്ഞാൽ കോൺഗ്രസ് വെള്ളം കുടിച്ചേക്കും. ഈ സാഹചര്യത്തിൽ ഷാനിബിനെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ തന്നെ ഷാനിബുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചനകൾ.












Click it and Unblock the Notifications