ട്രെയിനിലെത്തി കൊല നടത്തിയാൽ ട്രെയിൻ യാത്ര വിലക്കുമോ: പുരുഷന്മാർക്കുള്ള ബൈക്ക് യാത്ര വിലക്കിനെതിരെ വിമർശനം
പാലക്കാട്: എസ് ഡി പി ഐ - ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാഞ്ജ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ജില്ലയില്‍ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് ചൂണ്ടിക്കാട്ടി അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസങ്ങളും ഉയരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര ചെയ്യാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു എന്നാണ് അറിയിപ്പില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വിധേയമായി. ഇതുമായി ബന്ധപ്പെട്ട് കളക്ടടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിന് താഴെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അയ്യേ..ഇതാണോ ഐ എ എസുകാര്‍ അക്കാദമിയില്‍ നിന്നും പഠിക്കുന്ന പൊതുഭരണമെന്ന് കളക്ടറുടെ പോസ്റ്റിന് താഴെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ കമന്റ് ചെയ്തു. ജില്ലയില്‍ ബൈക്കില്‍ രണ്ടു പുരുഷന്മാര്‍ യാത്ര ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ചു. കാറില്‍ അഞ്ചു പുരുഷന്മാര്‍ യാത്ര ചെയ്യുന്നത് എപ്പം നിരോധിക്കും എന്നാണ് മറ്റൊരാള്‍ പോസ്റ്റിന് താഴെ ചോദിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നടപടി എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്, ടൂവിലറിലെത്തി ശ്രീനിവാസനെ കൊന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ടൂവീലറില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിന്‍സീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു. ട്രയിനിലെത്തി കൊലപാതകം നടത്തിയാല്‍ ലോക്കോപൈലറ്റ് ഒഴികെയുള്ളവരുടെ യാത്ര നിരോധിക്കുമോയെന്ന നോണ്‍ സീരിയസ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. പോലീസിന്റെ അതി ബുദ്ധിപരമായ ഈ കിടിലന്‍ നീക്കത്തെ പരിഹസിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കുന്നതല്ല- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ജില്ലയില്‍ പുതിയ നിയന്ത്രണം പുറത്തുവന്നതോടെ ഇരുചക്ര വാഹനങ്ങളുടെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ക്ക് നിയന്ത്രണം ഉണ്ടാകും. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ബൈക്കിലാണ് എത്തിയത്. ഇതേ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ വിചിത്രമായ ഉത്തരവ്. കുറ്റവാളികള്‍ കാറിലായിരുന്നു വന്നതെങ്കില്‍ ഡ്രൈവര്‍ ഒഴികെ വേറെ ആരും യാത്ര ചെയ്യാന്‍ പാടില്ല എന്ന് ഉത്തരവിറക്കുമായിരുന്നോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജില്ലാ കലക്ടറുടെ നീക്കം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.

അതേസമയം, കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
'ഞാന്‍ ഇവരുടെ കണ്ണിലെ കരടാണ്'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സുധാകരന് അജണ്ടയെന്ന് കെ വി തോമസ്