ഇങ്ങനെ പ്രതികാരം ചെയ്യുമോ!! പാലക്കാട് വാഹനാപകടം കെഎസ്ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വമുണ്ടാക്കിയതെന്ന് സാക്ഷി
പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്ക് യാത്രികരായ യുവാക്കളുടെ മരണത്തിന് കാരണമായ അപകടം കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മനപൂര്‍വമുണ്ടാക്കുകയായിരുന്നുവെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തല്‍. അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഡ്രൈവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് കുഴല്‍മന്ദത്തിനടുത്ത് വെള്ളപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കാവശേരി സ്വദേശി ആദര്‍ശ് മോഹനനും കാസര്‍ഗോഡ് സ്വദേശി സാബിത്തും മരിച്ചത്. അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ അപകടം മനപൂര്‍വ്വമായിരുന്നുവോ എന്ന സംശയം ഉയര്‍ന്നിരുന്നു. സാക്ഷി മൊഴി കൂടി പുറത്തായതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്.
ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താന്‍ എന്ന ഉദ്ദേശ്യത്തോടെ ബസ് ലോറിയോട് ചേര്‍ത്തെടുക്കുകയായിരുന്നു എന്നാണ് സാക്ഷി പറയുന്നത്. പാലക്കാടുനിന്നും തുണിയെടുത്ത് വടക്കഞ്ചേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസില്‍ വരികയായിരുന്നു സാക്ഷി. ഇയാള്‍ വസ്ത്ര വ്യാപാരിയാണ്. അമിത വേഗതയിലായിരുന്നു ബസ്. പലതവണ ബ്രേക്കിട്ടപ്പോള്‍ തുണിക്കെട്ടുകള്‍ താഴെ വീഴുന്ന സ്ഥിതിയുണ്ടായി. ഇതോടെ ഡ്രൈവറോട് ഇക്കാര്യം തിരക്കാന്‍ എഴുന്നേറ്റപ്പോഴാണ് ബസ്, ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടതെന്ന് ഇയാള്‍ പറയുന്നു.

Recommended Video

ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള വെപ്രാളത്തിലായിരുന്നു ബസ് ഡ്രൈവര്‍. ബൈക്കിനെ മറികടക്കാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും മന:പൂര്‍വ്വം ലോറിയോട് ചേര്‍ത്ത് ബസടുപ്പിച്ചെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. യാത്രയ്ക്കിടെ ബൈക്ക് യാത്രികര്‍ വേഗത്തില്‍ മുന്നോട്ട് പോയതില്‍ ദേഷ്യം പിടിച്ചാണ് ബസ് ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. റോഡില്‍ പല രീതിയില്‍ പോകുന്നവരുണ്ടാവും. പക്ഷെ ഇങ്ങനെ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ എന്തൊക്കെ സംഭവിക്കും എന്നാണ് സാക്ഷി ചോദിക്കുന്നത്.
ലോറിയാണ് അപകടമുണ്ടാക്കിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കെ എസ് ആര്‍ ടി സി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ അന്വേഷണ സംഘം ഗൗരവമായി എടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യണമെന്നും ഇയാളെ പുറത്താക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ തൃശൂര്‍ പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെ സസ്‌പെന്റ് ചെയ്തിരുന്നു. കുഴല്‍മന്ദം പൊലീസ് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 304 എ വകുപ്പ് മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications