മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി കോടികൾ തട്ടിയയാൾ അറസ്റ്റിൽ: സംഭവം പാലക്കാട്!! അറസ്റ്റ് ബെംഗളൂരുവില്‍!!
പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസ്സിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കൃഷ്ണശി ജില്ലയിലെ ജക്കപ്പ നഗർ സ്വദേശിയും, കെമ്പ ഗൗഡ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസിലെ ബോർഡ് മെമ്പറുമായ ശിവകുമാർ (37) നെയൊണ് ടൗൺ നോർത്ത് പോലീസ് സംഘം ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
പാലക്കാട്, വലിയ പാടം സ്വദേശിയും ഐ സ്പെഷ്യലിസ്ററുമായ ഡോക്ടർ ശശികുമാറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ രണ്ടാമത്തെ മകന് മെഡിക്കൽ സീറ്റിനായി കൃഷ്ണഗിരിയിലുള്ള കെമ്പ ഗൗഡ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസിൽ എത്തുകയും, അവിടെ ഉണ്ടായിരുന്ന ശിവകുമാർ എന്നയാൾ താൻ മാനേജ്മെന്റ് ട്രസ്റ്റിയാണെന്നും എൻആർഐ ക്വാട്ട ഒഴിവിൽ സീറ്റ് ഉണ്ടെന്നും ഒരു കോടി 20 ലക്ഷം രൂപ മൊത്തത്തിലും, കൂടാതെ വർഷം തോറും 22 ലക്ഷം രൂപ വേറെയും ചിലവ് വരുമെന്ന് പറയുകയും ചെയ്തു.

പിന്നീട് ശിവകുമാർ ഡോക്ടറെ ഫോണിൽ വിളിച്ച് എൻ ആർ ഐ ക്വാട്ട സീറ്റിലേക്ക് ഒരു പാടു ആവശ്യക്കാർ ഉണ്ടെന്നും പണം ഉടൻ വേണമെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശിവകുമാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണ കളിലായി ഒരു കോടി 17 ലക്ഷം രൂപ അയക്കുകയും, ശേഷം സീറ്റിന്റെ കാര്യത്തിനായി കോളേജിൽ ച്ചെന്ന സമയമാണ് ശിവകുമാറിനെ ട്രസ്റ്റിൽ നിന്നും പിരിച്ചു വിട്ട കാര്യം അറിഞ്ഞത്. ശിവകുമാർ പണവും കൊണ്ട് മുങ്ങുകയായിരുന്നു.
തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വന്ന ശിവകുമാറിനെ പിടികൂടാനായത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് ടൗൺ നോർത്ത് എസ് ഐ കമറുദ്ദീൻ വള്ളിക്കാടൻ, പി പി ഒമാരായ ബിനു രാമചന്ദ്രൻ , ദിലീപ് ഡി. നായർ, എസ്.സന്തോഷ് കുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ സതീഷ്, ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications