വന്ദേ ഭാരതിന് മേൽ പോസ്റ്റർ: ബിജെപിക്കാരുടെ വ്യാജ പ്രചാരണം, തെളിയിച്ചാൽ മാപ്പ് പറയാമെന്ന് വികെ ശ്രീകണ്ഠൻ
ഷൊര്‍ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ കോണ്‍ഗ്രസ് എംപി വികെ ശ്രീകണ്ഠന്റെ ചിത്രം പതിച്ചത് വലിയ വിവാദമായിരിക്കുകയാണ്. യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ തനിക്ക് യാതൊരു വിധത്തിലുമുളള അറിവോ പങ്കോ ഇല്ലെന്ന് വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. പിന്നില്‍ ബിജെപിക്കാരാണ് എന്നും എംപി ആരോപിച്ചു.
സ്വന്തം പാര്‍ട്ടിയുടെ ജാള്യത മറയ്ക്കാന്‍ വേണ്ടി ബിജെപിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണെന്ന് എംപി പറഞ്ഞു. വന്ദേ ഭാരത് ട്രെയിനില്‍ തന്റെ ഫോട്ടോ എല്ലാ കോച്ചിലും പതിച്ചു എന്നാണ് പ്രചരിപ്പിക്കുന്നത്. നൂറ് ശതമാനം അസത്യമായ കാര്യമാണിത്. കാരണം താനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ആര്‍പിഎഫും ഒക്കെ ഷൊര്‍ണൂരുണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് ട്രെയിനിന് മേല്‍ പോസ്റ്റര്‍ ഒട്ടിച്ചു എന്ന് തെറ്റായ പ്രചാരണം നടന്ന് കൊണ്ടിരിക്കുകയാണ്.

ട്രെയിന്‍ വന്ന് നിന്നപ്പോള്‍ ഏതോ ആളുകള്‍ മഴവെള്ളത്തില്‍ പോസ്റ്ററുകള്‍ ട്രെയിനിന് മുകളില്‍ വെച്ച് ഫോട്ടോ എടുത്തിരിക്കുകയാണ്. ഇത് താന്‍ പറഞ്ഞിട്ടാണ് എന്ന് പ്രചരിപ്പിക്കുന്നു. താന്‍ പറഞ്ഞിട്ടാണെങ്കില്‍ ട്രെയിനിന് മുകളില്‍ മുഴുവന്‍ വെയ്ക്കില്ലേ. ആയിരത്തിലധികം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നല്ലോ. അങ്ങനെ ഒരു ദുരുദ്ദേശവും തങ്ങള്‍ക്കില്ലെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
ഇത് ആരോ മനപ്പൂര്‍വ്വം ചെയ്തതാണ്. തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തില്‍ ഇല്ല. തന്റെ കയ്യില്‍ ഒരു വീഡിയോ ഉണ്ട്. ട്രെയിന്‍ ഷൊര്‍ണൂര്‍ നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ഉളള വീഡിയോ. അതില്‍ ഒരു പോസ്റ്ററും ഇല്ല. ആരോ ഇതിന് മുകളില്‍ പോസ്റ്റര്‍ വെച്ച് ഫോട്ടോ എടുത്തിരിക്കുകയാണ്. ഈ വ്യാജ പ്രചാരണം ആരും വിശ്വസിക്കരുത്. താനൊരു പൊതുപ്രവര്‍ത്തകനാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന ഒരു കേസിലും ഇതുവരെ പ്രതി അല്ലെന്നും വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
താന്‍ വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആളാണ്. തെറി വിളിക്കാനൊക്കെ ചില ആളുകള്‍ മെനക്കെട്ടിരുന്ന് സോഷ്യല്‍ മീഡിയയില്‍ ഓപറേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂരിന് സ്റ്റോപ്പ് അനുവദിച്ച സന്തോഷത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ വേണ്ടി വന്നവരാണ് തങ്ങള്‍. ഒരിക്കലും മറ്റൊരു തരത്തിലുളള ചിന്തയുമായി വന്നതല്ല. ഷൊര്‍ണൂരിലെ വീഡിയോ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. പോസ്റ്റര്‍ ട്രെയിനിന് മുകളിലുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്നും എംപി വ്യക്തമാക്കി.












Click it and Unblock the Notifications