'പിണറായിയുടെ ചെരുപ്പ് നക്കാൻ ഞങ്ങളില്ല': ഗോപിനാഥിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ നിന്ന് മറുപടി
പാലക്കാട്: ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷനായ എവി ഗോപിനാഥ് ഇന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥ് തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും സിപിഎം അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ട്. പെരിങ്ങാട്ടുശ്ശേരി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗളും എവി ഗോപിനാഥിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗോപിനാഥിനെ ഫേസ്ബുക്ക് കുറിപ്പിലൂടെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പെരിങ്ങാട്ടുശ്ശേരിയിലെ തന്നെ സഹപ്രവര്‍ത്തകനായ രതീഷ് പരുത്തിപ്പള്ളി.
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

പ്രിയപ്പെട്ട ലീഡർ എവി ഗോപിനാഥ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവച്ചു. ഞങ്ങളുടെ സ്വന്തം എവിജി. അമ്പത് വർഷത്തെ പാർട്ടി ജീവിതം അവസാനിപ്പിച്ച് ഗോപിയേട്ടൻ പടിയിറങ്ങി, എൻ്റെ രാഷ്ട്രീയഗുരുവാണ്, ഞങ്ങൾക്ക് ഒരു പാട് പ്രചോദനങ്ങൾതന്ന വ്യക്തിയാണ് ഗോപിയേട്ടനുമെന്നുമാണ് രതീഷ് ആമുഖമായി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഞങ്ങളുടെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തുടർച്ചയായി അമ്പത്കൊല്ലം കോൺഗ്രസ്സ് ഭരണത്തിൽ പിടിച്ചുകെട്ടിയ പ്രിയപ്പെട്ട ലീഡർ, ഒരവിടെ പോലും ഞങ്ങൾ ലീഡറെ തളളിപ്പറയില്ല, കോൺഗ്രസ്സ് പാർട്ടിയെ പെരുങ്ങോട്ടുകുറിശ്ശിയിൽ വളർത്തിയതും നിലനിർത്തിയതും ഗോപിയേട്ടൻ തന്നെയാണ് അതിൽ ഒരു തർക്കവും ഇല്ല.

ഗോപിയേട്ടന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ചില വാഗ്ദാനങ്ങൾ കെപിസിസി നേത്യത്വം പാലിക്കാതെ പോയത് തെറ്റു തന്നെയാണ്, പറഞ്ഞ് പറ്റിച്ചു എന്നു തന്നെ വേണമെങ്കിൽ പറയാം, പക്ഷേ ഇതിലും വലിയ വാഗ്ദാനങ്ങൾ നല്കി പറ്റിച്ച കഥകളും നമ്മുടെ പാർട്ടിയിൽ ഉണ്ട്, കെപിസിസി യുടെ പുതിയ നേതൃത്വം ഇതെല്ലാം പരിഹരിക്കും എന്നൊരു വിശ്വാസവും ഉണ്ട്, ഗോപിയേട്ടന് ഇത്രതോളം ക്ഷമിക്കാമെങ്കിൽ കുറച്ച് കൂടി കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു ഡിസിസി പ്രസിഡൻ്റ് സ്ഥാനം കിട്ടാതതിൻ്റെ പേരിൽ ഗോപിയേട്ടൻ രാജി വച്ച് പോയത് തെറ്റായ ഒരു തീരുമാനം തന്നെയാണ്. ഇതിലും വലിയ പദവികൾ ഗോപിയേട്ടൻ ആവശ്യപ്പെടാതെ തന്നെ ഗോപിയേട്ടന് പാർട്ടി നല്കിയിട്ടുണ്ട്, ഗോപിയേട്ടൻ വഹിച്ചിട്ടും ഉണ്ട്. തുടര്‍ന്ന് ഇന്നുവരെ ഗോപിനാഥ് വഹിച്ച ചുമതലകളും അദ്ദേഹം എണ്ണിപ്പറയുന്നു. കെ എസ് യു ആലത്തൂർ താലൂക്ക് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി (1979-1984) പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് (1984-1988), ആലത്തൂർ എംഎല്‍എ (1991-1996) എന്നീ പദവികളും പാര്‍ട്ടി നല്‍കിയത്.

തൊഴിലാളി യൂണിയൻ പ്രസിഡൻറ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട് (2002-2015), പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി (2002-2007), പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ
(2007-2009), എന്നീ നിലകളിലും പ്രവർത്തിച്ചു. കൂടാതെപെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 25 വർഷക്കാലം പ്രസിഡൻ്റ് ആയി ചുമതല നിർവ്വഹിച്ചു (1979-95, 2000-05, 2015-2020).

നിലവിൽ കെപ്സിസി എക്സിക്യൂട്ടീവ് മെമ്പറായും, പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടറായും, പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയും, ഗ്രാമപഞ്ചായത്തിൻ്റെ ആറാം വാർഡ് മെമ്പറായും ചുമതല നിർവഹിക്കുന്നു! ഗോപിയേട്ടൻ്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ഗോപിയേട്ടൻ ഇപ്പോൾ എടുത്ത തീരുമാനം ചിലപ്പോൾ ശരി എന്നു തോന്നാം.

എന്നാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല, ഒരു കോൺഗ്രസ്സുക്കാരനായ ഗോപിയേട്ടനെ മാത്രമേ ഞങ്ങൾക്ക് അംഗീകരിക്കാനും കഴിയൂ! ഗോപിയേട്ടൻ എപ്പോളും പറയാറുള്ള പോലെ പാർട്ടിയാണ് വലുത് മറിച്ചുള്ളതെല്ലാം താല്കാലികം മാത്രമാണ്, അതെ പാർട്ടിയാണ് നമ്മുക്ക് ഇപ്പോൾ വലുത്. പാർട്ടി ഒരു സെമി കേഡർ സിസ്റ്റത്തിലേക്ക് പോകുന്ന ഈ സമയത്ത് ഓരോ പാർട്ടി പ്രവർത്തകരും, നേതാക്കന്മാരും പാർട്ടിയെ അനുസരിക്കാൻ കൂടി തയ്യറാകണം.

പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഗോപിയേട്ടൻ പത്രസമ്മേളനത്തിൽ പറഞ്ഞ 'പിണറായിയുടെ ചെരുപ്പ് നക്കൽ' ഞങ്ങളെ കിട്ടില്ല, പെരുങ്ങോട്ടുകുറിശ്ശി കോൺഗ്രസ്സ് ഭരണസമിതി 5 കൊല്ലം പൂർത്തിയാക്കുക തന്നെ ചെയ്യും, പുതിയ നേതൃത്വം ഉടൻ തന്നെ ഉണ്ടാകും. ഈ കൊടിയ്ക്ക് താഴെയാണ് ഞാനും, എനിക്ക് എൻ്റെ പാർട്ടിയാണ് വലുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications