'ആശുപത്രിയെ നന്നാക്കിയതിൽ കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിച്ചോളാം' സ്ഥലം മാറ്റനടപടിയിൽ ഡോ. പ്രഭുദാസ്
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നു. പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കെത്തിയതെന്നും അടുത്ത സ്ഥലത്തേക്ക് തലയുയർത്തിപ്പിടിച്ചാണ് പോകുന്നതെന്നും പ്രഭുദാസ് പറഞ്ഞു. സർക്കാർ ആശുപത്രി നല്ല നിലയിലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ആരോപണങ്ങളാണ് തനിക്കുമേൽ ഉയർന്നത്.
നല്ല രീതിയിലുള്ള ചികിത്സ സംവിധാനം താൻ അട്ടപ്പാടിയിലേക്ക് വരുമ്പോൾ ഉണ്ടായിരുന്നില്ല. അത് മികച്ച രീതിയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതിൻ്റെ ചാരിതാർത്ഥ്യവുമായാണ് അടുത്ത സ്ഥലത്തേക്ക് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ വിമർശനത്തിനു പിന്നാലെയാണ് ഡോ.പ്രഭു ദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയത്.
അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ചും സൗകര്യങ്ങളുടെ അപര്യാപ്തയെ ക്കുറിച്ചും സൂപ്രണ്ട് ഡോ. പ്രഭുദാസ് നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സർക്കാർ ആവിഷ്കരിക്കുന്ന പല പദ്ധതികളും ആശുപത്രിയിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിക്കെതിരായ വിമർശനം ഉയർന്നതോടെ ഇത് പിന്നീട് വിവാദമാവുകയായിരുന്നു. ഇതേതുടർന്നാണ് ഡോ.പ്രഭുദാസിനെ തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയത്. ഭരണ സൗകര്യാർത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉത്തരവിൽ പറയുന്നത്. എന്നാൽ അതല്ല കാരണമെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.

അതേസമയം, സ്ഥലം മാറ്റത്തെക്കുറിച്ചുള്ള ഡോ. പ്രഭുദാസിൻ്റെ പ്രതികരണം ഇങ്ങനെ: താൻ പൂച്ചെണ്ട് സ്വീകരിക്കാനല്ല, അട്ടപ്പാടിയിലെ ആശുപത്രിയിൽ ജോലിചെയ്തിരുന്നത്. അഭിമാനത്തോടെ തലയുയർത്തി പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നത്. നല്ലൊരു ചികിത്സാ സംവിധാനം താൻ വരുമ്പോൾ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാൽ, അതിനെ നല്ല നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു. പകരക്കാരനായി വരുന്നയാൾ നല്ലയാളാണ്. കൂടുതൽ ഉയരത്തിലേക്ക് ആശുപത്രിയെ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഡോ.പ്രഭുദാസ് പറഞ്ഞു.
സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതിക്ക് തുരങ്കം വച്ചത്. താൻ സർക്കാരിനൊപ്പം നിൽക്കുന്നയാളാണ്. വിജിലൻസ് അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. ആശുപത്രിയെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. തൻ്റെ കൈകൾ തനിക്ക് അറിയാം. ഒന്നും പ്രതിക്ഷിച്ചല്ല ഇങ്ങോട്ട് വന്നത്. അട്ടപ്പാടിയിൽ നിന്ന് ഒന്നും കൊണ്ടുപോയിട്ടുമില്ല.
ആശുപത്രിയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്താനാണ് തൻ്റെ പരിശ്രമങ്ങൾ ഇതുവരെയും ഉണ്ടായിരുന്നത്. ആ പരിശ്രമങ്ങൾക്ക് കൂട്ടുനിന്നതിന് താൻ കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ അനുഭവിക്കാമെന്നും ഡോ.പ്രഭുദാസ് പറഞ്ഞു. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല നൽകിയിരിക്കുന്നത്.












Click it and Unblock the Notifications