വാളയാർ കേസ്; സിബിഐ സംഘത്തിൽ അഴിച്ചുപണി
പാലക്കാട്: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വൻ അഴിച്ചുപണി. സംഘത്തെ നയിക്കുന്ന വനിതാ ഒാഫിസർ ഒഴികെയുള്ളവരെയാണ് മാറ്റിയത്. പകരം പുതിയ എസ്പി, ഡിവൈഎസ്പി എന്നിവരെ ഉൾപ്പെടെയാണ് നിയമിച്ചത്. ഇവർ ഇതര സംസ്ഥാനക്കാരാണ്. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് ഈ മാറ്റം.
കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വിഎസ് ഉമയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. കേസിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യേോഗസ്ഥരുടെ നിരീക്ഷണവും വിലയിരുത്തലും ഉപയോഗപ്പെടുത്തുകയാണ് മാറ്റത്തിലൂടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. നേരത്തേ പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്ന ആവശ്യം കുട്ടികളുടെ അമ്മയും ഉന്നയിച്ചിരുന്നു. പുതിയ ഉദ്യോഗസ്ഥർ കുട്ടികളുടെ അമ്മയെ നേരിൽ കണ്ട് സംസാരിച്ചു.

അതിനിടെ കേസിലെ നാലു പ്രതികളെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന സിബിഐ ആവശ്യത്തിൽ പ്രതികൾ കോടതിയിൽ വിസമ്മതം അറിയിച്ചു. പ്രതികളായ വലിയ മധു, ഷിബു, കുട്ടിമധു, പതിനേഴു വയസുകാരൻ എന്നിവരാണ് വിസമ്മതം അറിയിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.
2017 ലായിരുന്നു വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയായിരുന്നു ആദ്യം ആത്മഹത്യ ചെയ്തത്. വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.
കുട്ടികളുടേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. ഇത് തള്ളിയ കോടതി വീണ്ടും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.സിബിഐ സമർപ്പിച്ച കുറ്റപ്പത്രം റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും ആരോപിച്ചുള്ള കുട്ടികളുടെ ഹർജിയിലായിരുന്നു നടപടി.












Click it and Unblock the Notifications