ഇടതും വലതും പറയാതെ പത്തനംതിട്ടയിലെ വിമതര്‍, യുഡിഎഫ് നേതൃത്വം തോല്‍പ്പിച്ചെന്ന് വിമതന്‍
പത്തനംതിട്ട: ഒരാള്‍ക്കും ഭൂരിപക്ഷം കിട്ടാതിരുന്ന പത്തനംതിട്ട നഗരസഭയില്‍ സസ്‌പെന്‍സ് തുടരുന്നു. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇനിയും പിന്തുണ ആര്‍ക്കാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇരുമുന്നണികളും ഇവരുടെ പിന്തുണയ്ക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് പേരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിമതനായ കെആര്‍ അജിത് കുമാര്‍ പറയുന്നു. ചെയര്‍മാന്‍ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പിന്തുണ ആര്‍ക്കാണെന്ന് മാത്രം അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ യുഡിഎഫ് നേതൃത്വമാണ് തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം തുറന്നടിച്ചു.

ഒരു മാനദണ്ഡവും നോക്കാതെ അര്‍ഹരല്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയ ഡിസിസി നേതൃത്വമാണ് പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിനെ തോല്‍പ്പിച്ചതെന്നും അജിത് കുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് വിമതരായി ജയിച്ച രണ്ട് പേരാണ് ഇവിടെയുള്ളത്. എന്നാല്‍ രണ്ടുപേരും പിന്തുണ പരസ്യമാക്കിയിട്ടില്ല. സ്വതന്ത്രന്‍ നഗരസഭ അധ്യക്ഷനാവാനുള്ള സാധ്യത വരെ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം അജിത് കുമാറും സ്ഥിരീകരിച്ചു. മറ്റൊരു വിമത ഇന്ദിരാമണിയമ്മയും ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഈ രണ്ട് സ്വതന്ത്രരെ കൂട്ടുന്നതാണ് ഇരുമുന്നണികള്‍ക്കും ഏറ്റവും നല്ലത്. ഇല്ലെങ്കില്‍ വലിയ പ്രതിസന്ധി മുന്നിലുണ്ട്.
മൂന്ന് സീറ്റ് നേടിയ എസ്ഡിപിഐയാണ് മറ്റൊരു പാര്‍ട്ടി. ഇവരെ കൂട്ടിയാല്‍ രാഷ്ട്രീയ വിവാദത്തിലേക്ക് ഇടതുപക്ഷവും യുഡിഎഫും വീഴും. അജിത് കുമാറിനെയും ഇന്ദിരാമണ്ണിയമ്മയെയും ഒപ്പം കൂട്ടി ഭരണസമിതി പിടിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്. ഇരുമുന്നണികള്‍ക്കും 13 സീറ്റ് വീതം നഗരസഭയില്‍ ഉണ്ട്. അതേസമയം നേരത്തെ സമാന പ്രശ്‌നം കൊച്ചിയിലും തൃശൂരിലും ഉണ്ടായിരുന്നു. ഈ രണ്ടിടത്തും ഇടതുപക്ഷത്തിനൊപ്പം വിമതര്‍ നില്‍ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. പത്തനംതിട്ടയിലും ആ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
Recommended Video
അതേസമയം മൂന്ന് മുന്നണിക്ക് ഭൂരിപക്ഷമില്ലാത്ത മാവേലിക്കര നഗരസഭയില്‍ സ്വതന്ത്ര കൗണ്‍സിലറെ ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി യുഡിഎഫും എന്‍ഡിഎയും. അഞ്ച് വര്‍ഷവും അധ്യക്ഷ സ്ഥാനമെന്ന വാഗ്ദാനവും കെവി ശ്രീകുമാറിന് മുന്നിലുണ്ട്. പാര്‍ട്ടിക്കെതിരെ മത്സരിച്ചയാളെ ചെയര്‍മാനാക്കില്ലെന്ന വാശിയിലാണ് മന്ത്രി ജി സുധാകരന്‍. എന്നാല്‍ സിപിഎം ജില്ലാ നേതാക്കള്‍ക്ക് അടക്കം ശ്രീകുമാറുമായി സംസാരിച്ചെന്നാണ് അറിയുന്നത്. പ്രാദേശിക നേതാക്കള്‍ ഇയാളുമായി സംസാരിക്കുന്നുണ്ട്. തന്നെ നഗരസഭാ അധ്യക്ഷനാക്കുന്ന മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സിപിഎം ശ്രീകുമാറിന് മുന്നില്‍ മുട്ടുകുത്തിയേക്കും.












Click it and Unblock the Notifications