സന്ദീപിന്റെ കൊലപാതകം പദ്ധതിയിട്ടത് ബിജെപി നേതൃത്വം: കെ സുരേന്ദ്രന്‍ രഹസ്യ യോഗം നടത്തിയെന്ന് സിപിഎം
തിരുവല്ല: സി പി എം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപിന്റെ കൊലപാതകം ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി പി എം ആരോപിച്ചു. ഇതിനായി നവംബര്‍ ആദ്യ വാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തിരുവല്ലയില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സന്ദീപ് കുമാറിനെ കൊല്ലാനുള്ള തീരുമാനം എടുത്തതെന്ന് കെയു ജനീഷ് കുമാര്‍ എംഎല്‍എ ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയിലാണ് ജനീഷ് കുമാര്‍ ഈ ആരോപണം ഉന്നയിച്ചത്.
പത്ത് ദിവസത്തോളം ബി ജെ പി സംസ്ഥാന നേതാക്കല്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. തിരുവല്ലയില്‍ എത്തിയ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കല്‍ അസ്വഭാവിക യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സുരേന്ദ്രന്‍ ചില ആളുകളെ മാത്രം വിളിച്ചാണ് യോഗം നടത്തിയത്. ഒരു രാത്രി നടത്തിയ ഗൂഡാലോചനയാണ് സന്ദീപിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജനീഷ് കുമാര്‍ പറയുന്നു.

സുരേന്ദ്രനും നേതാക്കളും നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് പൊലീസ് അന്വേഷണിക്കണമെന്നും നിലവില്‍ പ്രതികളായവര്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് സന്ദീപിനെ കൊല്ലാന്‍ സാധിക്കില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു. സന്ദീപിന്റെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കേസിലെ പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.
അതേസമയം, സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് - ബി ജെ പി സംഘമാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്സിന് ബന്ധമില്ലെന്ന് അന്വേഷണം അവസാനിക്കും മുമ്പ് പൊലീസ് പറഞ്ഞത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. കൊലയ്ക്കു പകരം കൊലയെന്നുള്ളത് സിപിഎമ്മിന്റെ അജണ്ടയല്ല. സമാധാനമായി പ്രതിഷേധിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായിക്കൂടെയാണ് നൂറ്റി അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് ആകൃഷ്ടരായി വന്നിരുന്നെന്ന് മുന്‍ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 27 വര്‍ഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതില്‍ ഈ 36-കാരന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസുകാരന്‍ ഏറ്റെടുത്തതെന്ന് തോമസ് ഐസക്ക് പറഞ്ഞു. തിരുവല്ലയില്‍ ഞാന്‍ എത്തിയാല്‍ ഏത് തിരക്കായാലും ഓടിയെത്തും. അധികം വര്‍ത്തമാനം പറയാറില്ല. എങ്കിലും കുറച്ചു നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണം. മിക്കവാറും കൂടെ കുറച്ച് സഖാക്കളും ഉണ്ടാകുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
ഇതിനിടെ, സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരാണെന്ന് പൊലീസ് എഫ് ഐ ആര്‍. പ്രതികല്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേര്‍ പിടിയിലായി. അതേസമയം, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയത്.












Click it and Unblock the Notifications