ആറന്മുള ബിജെപിയിൽ സ്ഥാനാർത്ഥിയെച്ചൊല്ലി തർക്കം: രാജിവെക്കുമെന്ന് മണ്ഡലം കമ്മറ്റി മുന്നറിയിപ്പ്
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിക്കുള്ളിൽ തർക്കം. ആറന്മുളയിൽ സ്ഥാനാർത്ഥിയെ നിർത്തിയ സംഭവത്തിലാണ് തർക്കം. കഴിഞ്ഞ ദിവസമാണ് ബിജു മാത്യൂവിനെ ആറന്മുള മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകള്‍ പുറത്തുവരുന്നത്.

ബിജു മാത്യു സ്ഥാനാർത്ഥിയോ?
ന്യൂനപക്ഷ മോർച്ച നേതാവ് ബിജു മാത്യൂവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം. പാർട്ടി മംഗലം കമ്മറ്റിയാണ് ഇതിനെതിരെ രംഗത്തെത്തിയത്. ബിജെപിയ്ക്ക് വിജയസാധ്യതയുള്ള ആറന്മുളയിൽ ജനപ്രിയനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ബിജുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെങ്കിൽ മണ്ഡലം കമ്മറ്റി തന്നെ രാജി വെക്കുമെന്നാണ് മുന്നറിയിപ്പ്.

രാജി ഭീഷണി
ആറന്മുളയിലെ പഞ്ചായത്ത് മെമ്പർമാരും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസും ഈ നീക്കത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ 115 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തിൽ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും ഇത്തവണ മത്സരിക്കണമെന്ന് പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

നേതാക്കള്‍ക്ക് മുൻഗണന
തൃശ്ശൂരിലോ നേമത്തോ സുരേഷ് ഗോപി മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവെച്ച നിർദേശം. അതേ സമയം സുരേഷ് ഗോപി താൻ മത്സരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പാർട്ടി നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കുകയാണെങ്കിൽ അടുത്തിടെ ബിജെപിയിൽ ചേർന്ന കൃഷ്ണകുമാറായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുക. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിന്റെ വെല്ലുവിളി
നേമത്തിന്റെ സാധ്യതാപട്ടികയിൽ എംഎൽഎ സുരേഷ് ഗോപിയുടെ പേരും ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിജെപിയും നേമത്തിന്റെ കാര്യത്തിൽ തിരക്കിട്ട ചർച്ചകളിലാണ്. കേരള ബിജെപി സമർപ്പിച്ച സാധ്യതാപട്ടികയില്‍ കുമ്മനത്തിന്റെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും നേമത്തെ സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications