പത്തനംതിട്ടയില്‍ നാലിടത്ത് കോണ്‍ഗ്രസ് പിന്നോട്ട്, കോന്നിയില്‍ മാത്രം ത്രില്ലര്‍, ട്വിസ്റ്റ് വരുമോ?
പത്തനംതിട്ട: കോണ്‍ഗ്രസ് തലപുകഞ്ഞ് ആലോചിക്കുകയാണ് പത്തനംതിട്ടയില്‍ ഇത്തവണ രണ്ട് സീറ്റുകള്‍ പിടിക്കാന്‍. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെയാണ് കാര്യങ്ങള്‍ ഇത്തവണയും. നാലിടത്ത് കടുത്ത മത്സരം നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് അധികം മുന്നോട്ട് വരാന്‍ സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് കാര്യമായ ഉണര്‍വ് ജില്ലയിലുണ്ടായിട്ടില്ല. നിലവില്‍ കോന്നിയില്‍ മാത്രം കടുപ്പമേറിയ പോരുള്ളത്. ബാക്കിയുള്ള ഇടത്ത് സഭകളുടെയും നായര്‍ വിഭാഗത്തിന്റെയും വോട്ടുകള്‍ നേടാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ്.

റാന്നിയിലെ ഗോള്‍ഡന്‍ ചാന്‍സ്
റാന്നിയില്‍ രാജു എബ്രഹാം പോയതോടെ മണ്ഡലം പിടിക്കാന്‍ ഗോള്‍ഡന്‍ ചാന്‍സാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ തന്ത്രപൂര്‍വമായിരുന്നു സിപിഎം കളിച്ചത്. ഇവിടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണനാണ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാണഅ അദ്ദേഹം. എന്നാല്‍ ഇയാള്‍ നായര്‍ സമുദായ അംഗമായതോടെ എന്‍എസ്എസ് ഇടതുവിരോധം മാറ്റാനുള്ള പ്ലാനിലാണ്. എന്‍ഡിഎയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന വോട്ടുകളാണിത്. പ്രമോദിന് വോട്ട് ചെയ്യാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് അറിയിപ്പുണ്ട്.

കോണ്‍ഗ്രസിന്റെ ശ്രമം
കോണ്‍ഗ്രസ് ഇവിടെ റിങ്കു ചെറിയാനെയാണ് നിര്‍ത്തിയത്. ദുര്‍ബല സ്ഥാനാര്‍ത്ഥി എന്ന് തന്നെ പറയേണ്ടി വരും. അയിരൂര്‍, കൊറ്റനാട്, എഴുമറ്റൂര്‍, എന്നിവിടങ്ങളില്‍ എന്‍എസ്എസിന്റെ പേരിലാണ് പ്രമോദ് നാരായണന്‍ വോട്ട് പിടിക്കുന്നത്. ഇത് സിപിഎമ്മിന്റെ കടന്ന ബുദ്ധിയാണ്. സീറ്റ് ജോസിന് നല്‍കിയതില്‍ എതിര്‍പ്പുണ്ടെങ്കിലും തല്‍ക്കാലം അത് പരിഹരിച്ചിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമാണ് റാന്നി. ബിജെപി ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കരുതിയെങ്കിലും ബിഡിജെഎസിനാണ് ഇവിടെ സീറ്റ്. ഇത് കൂടുതലായി സിപിഎമ്മിന് ഗുണം ചെയ്തിരിക്കുകയാണ്.

കോന്നിയില്‍ ത്രില്ലര്‍
പത്തനംതിട്ടയില്‍ അടൂര്‍, കോന്നി. തിരുവല്ല, ആറന്മുള, റാന്നി എന്നീ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ നാലെണ്ണത്തിലും മുന്നിലെത്താന്‍ കോണ്‍ഗ്രസ് പെടാപാടിലാണ്. 2016ല്‍ ഇതില്‍ നാല് സീറ്റും ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും എല്‍ഡിഎഫ് പിടിച്ചിരുന്നു. കോന്നിയില്‍ പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. അടൂര്‍ പ്രകാശ് സിപിഎം കോട്ടകളില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനമാണ് സിപിഎമ്മിന് പ്രതിസന്ധി. മണ്ഡലത്തില്‍ നല്ല ജനസമ്മതിയുള്ള നേതാവാണ് അടൂര്‍ പ്രകാശ്. 1996 മുതല്‍ ഈ സീറ്റ് അടൂര്‍ പ്രകാശിന്റെ കൈയ്യിലായിരുന്നു. 2019ല്‍ ലോക്‌സഭയിലേക്ക് ജയിച്ചതോടെ മണ്ഡലത്തില്‍ നിന്ന് അടൂര്‍ പ്രകാശ് മാറി. റോബിന്‍ പീറ്ററെ കൊണ്ടുവന്ന് മണ്ഡലത്തില്‍ മേല്‍ക്കൈ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്.

കളി കാര്യമാകും
കോന്നിയില്‍ പോര് ഇഞ്ചോടിഞ്ച് ആയത് കൊണ്ട് ആര് മടി കാണിക്കുന്നുവോ അവര്‍ തോല്‍ക്കുമെന്ന അവസ്ഥയാണ്. ജനീഷ് കുമാറിന് വന്‍ ജനപ്രീതിയുണ്ട്. ഒപ്പം തദ്ദേശത്തിലെ വന്‍ നേട്ടവും കൂട്ടായുണ്ട്. റോബിന്‍ പീറ്റര്‍ പക്ഷേ മണ്ഡലത്തിന്റെ മുഖമാണ്. ഒപ്പം സാമുദായിക സമവാക്യങ്ങളും ചേര്‍ത്തുപിടിക്കാന്‍ റോബിന് അറിയാം. ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിന്റെ പരാജയത്തിന് പിന്നില്‍ റോബിന്‍ പീറ്ററാണെന്ന് കോണ്‍ഗ്രസില്‍ തന്നെയുള്ളവര്‍ പറയുന്നു. അതിന് കണക്ക് തീര്‍ത്ത് തിരികെ കിട്ടുമെന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. അടൂര്‍ പ്രകാശിന് മാത്രമേ ഇത് തടയാനാവൂ.

ആറന്മുളയില്‍ ഈസി
ആറന്മുളയില്‍ എല്‍ഡിഎഫ് ഈസി വിജയം നേടുമെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നു. പ്രവര്‍ത്തകര്‍ക്ക് വീണാ ജോര്‍ജിന്റെ ജനപ്രീതി മറികടക്കാന്‍ സാധിക്കുന്നില്ല. സൈബര്‍ ഇടത്തില്‍ പ്രചാരണം വരെ നടത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ തവണ 7646 വോട്ടിനാണ് വീണ ജയിച്ചത്. ലോക്‌സഭയില്‍ അത് 6593 വോട്ടായി യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ അതിന് ശേഷം വീണയ്ക്ക് പ്രതിസന്ധികള്‍ വന്നിട്ടില്ല. മണ്ഡലത്തില്‍ മികച്ച വികസനങ്ങള്‍ കൊണ്ടുവന്ന നേതാവായി മാറിയിരിക്കുകയാണ് വീണ. അവരെ നേരിടുക ശിവദാസന്‍ നായര്‍ക്ക് എളുപ്പമല്ല. പതിനായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷം പോകുമെന്നാണ് സൂചന.

രാഹുലിന്റെ സര്‍വേ
ടീം രാഹുല്‍ നടത്തിയ സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് പ്രതീക്ഷ വെക്കേണ്ടതില്ലാത്ത ജില്ലയാണ് പത്തനംതിട്ട. അത് പ്രകടനത്തിലും കാണാനുണ്ട്. എന്നാലും പൊരുതി നോക്കാനാണ് തീരുമാനം. ശബരിമല വിഷയം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ശിവദാസന്‍ നായര്‍ക്ക് പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം വോട്ട് നേടാനാവുമെന്നാണ് വിലയിരുത്തല്‍. വീണയ്ക്ക് ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കങ്ങള്‍ തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എന്‍ഡിഎ ഓര്‍ത്തഡോക്‌സ് സഭാ അംഗം ബിജു മാത്യുവിനെ മത്സരിപ്പിക്കുന്നത് വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

പത്തനംതിട്ട പിടിച്ചാല്‍
അടൂര്‍ മുമ്പ് യുഡിഎഫ് സീറ്റായിരുന്നു. 2011ല്‍ സംവരണ മണ്ഡലമായതോടെ ഇത് ഇടതിനൊപ്പമാണ് നില്‍ക്കുന്നത്. ഇവിടെ ചിറ്റയം ഗോപകുമാറിനെ എംജി കണ്ണന് പരാജയപ്പെടുത്തുക ദുഷ്‌കരമാണ്. പക്ഷേ കണ്ണനോളം പോന്ന നേതാവ് യുഡിഎഫിന് ഇവിടില്ല. 25000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നിലവില്‍ ചിറ്റയത്തിനുണ്ട്. തിരുവല്ലയില്‍ മാത്യു ടി തോമസിനും മുന്‍തൂക്കമുണ്ട്. സഭാ വോട്ടുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications