പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു: പ്രതിഷേധം, മന്ത്രി മാറണമെന്ന് യുഡിഎഫ്
റാന്നി: പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. വീടിന് സമീപത്ത് എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിച്ച പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ മുറ്റത്ത് എത്തിയ ആന കൃഷികള്‍ നശിപ്പിക്കുകയായിരുന്നു. ഇതുകണ്ട ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങുകയായിരുന്നു. പിന്നീട് ബിജുവിനെ കാണാതാകുകയും തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവരം അറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്ത് വലിയ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം. മരിച്ച ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്സി. മക്കള്‍: ജിന്‍സണ്‍, ബിജോ.
അതേസമയം, ബിജുവിന്റെ കുടംബത്തിന് അടിയന്തര ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടർ പ്രേംകൃഷ്ണന്‍ പറഞ്ഞു. മകന് സർക്കാർ ജോലി നല്‍കാന്‍ ശുപാർശ നല്‍കും. കുടുംബവുമായി സംസാരിച്ചിരുന്നു. ബാക്കി കാര്യങ്ങള്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു.
പത്തനംതിട്ട എംപിയും ലോക്സഭ തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണി മരിച്ച ബിജുവിന്റെ വീട് സന്ദർശിച്ചു. വനം വകുപ്പിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. ഫെന്‍സിങ് അടക്കമുള്ള കാര്യങ്ങള്‍ സ്ഥിരമായി മെയിന്റയിന്‍സ് ചെയ്തില്ല. കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് കേന്ദ്രസർക്കാർ മാത്രമാണ് ധനസഹായം നല്‍കിയത്. സംസ്ഥാന സർക്കാർ ഒന്നും നല്‍കിയിട്ടില്ല. അതും വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട കൃഷിക്കാരെ കാട്ടാനകളുടെ മുന്നില്‍ എറിഞ്ഞുകൊടുക്കാന്‍ സാധിക്കില്ല. ഇവിടെ മാത്രമല്ല, മണ്ഡലത്തിലെ പല സ്ഥലത്തും ഈ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം. വനംവകുപ്പ് മന്ത്രിക്ക് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ല. ഇങ്ങനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വനം വകുപ്പ് മന്ത്രിയെ ഈ വകുപ്പില്‍ നിന്നും മാറ്റി ഭരിക്കാന്‍ അറിയുന്ന ആർക്കെങ്കിലും കൊടുക്കാന്‍ എത്രയാളുകളാണ് പറയുന്നത്. ഇനിയും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് ആളുകളടെ ജീവന് ഭീഷണിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.












Click it and Unblock the Notifications