പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ വിദ്യാലയം പുതിയ സംസ്കാരം സൃഷ്ടിക്കുന്നു അൽഫോൺസ് കണ്ണന്താനം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഒരു പ്രദേശത്ത് ഒരു പുതിയ വിദ്യാലയം ഉണ്ടാകുമ്പോൾ അവിടെ ഒരു പുതിയ സംസ്കാരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോന്നി കേന്ദ്രീയവിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാലഘട്ടത്തിന് അനുസൃതമായി സമൂഹനിർമിതിക്ക് ഉതകുന്ന രീതിയിൽ വിദ്യാഭ്യാസരീതികളിൽ മാറ്റമുണ്ടാകണം.

തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിന് ഒരോരുത്തർക്കും കഴിയണം. വിദ്യാർഥികളെ ശരിയായ പാതയിൽ നയിക്കുന്നതിന് രക്ഷകർത്താക്കൾക്ക് വലിയ പങ്കാണുള്ളത്. വൈകുന്നേരങ്ങളിൽ ടെലിവിഷനുകളുടെ മുന്നിലും നവമാധ്യമങ്ങളിലും മുഴുകുന്ന രക്ഷിതാക്കൾ തെറ്റായ ഒരു സന്ദേശം കുട്ടികൾക്ക് നൽകുകയാണ്. ഈ സമയം കുട്ടികളോടൊപ്പം ചെലവഴിക്കുകയാണെങ്കിൽ അത് അവരിൽ വലിയ പ്രചോദനവും ആത്മവിശ്വാസവും നൽകും. ഇത്തരത്തിൽ കുട്ടികളുടെ ജീവിതത്തിൽ മാറ്റം വരുത്തുവാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

-alphonskannanthanam-

കടൽത്തീരത്തുകൂടെ നടന്നുപോകുന്ന പ്രായമായ ഒരു മനുഷ്യന്റെ കഥ ഓർമ്മിപ്പിച്ചുകൊണ്ടാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. ആഞ്ഞടിക്കുന്ന തിരയിൽ ധാരാളം മത്സ്യങ്ങൾ കടൽത്തീരത്തെത്തുന്നു. ജീവനുവേണ്ടി പിടയ്ക്കുന്ന അവയെ കൈകൊണ്ട് പെറുക്കി കടലലേക്കെറിഞ്ഞ വൃദ്ധനെ അവിടെകൂടിനിന്ന ചെറുപ്പക്കാർ പരിഹസിച്ചു. ആയിരക്കണക്കിന് മത്സ്യങ്ങൾ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ഓരോന്നിനെ കൈകൊണ്ടുപെറുക്കി കടലലേക്ക് എറിയുന്ന വൃദ്ധന്റെ മണ്ടത്തരത്തെ അവർ കളിയാക്കി. എന്നാൽ ശാന്തതയോടെ ആ വൃദ്ധൻ പറഞ്ഞ മറുപടി ഏവരെയും ചിന്തിപ്പിക്കുന്നതായിരുന്നു. ഒരു മീനിന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കുവാൻ കഴിയുന്നെങ്കിൽ അത് വലിയ ഒരു നയോഗമായി ഞാൻ കരുതുന്നു. ചെറിയ കാര്യമാണെങ്കിലും തങ്ങളാൽ കഴിയുന്നത് മറ്റുള്ളവർക്കുവേണ്ടി ചെയ്യുവാനുള്ള സന്മനസ് ഉണ്ടാകണമെന്നാണ് ആ വൃദ്ധൻ പ്രവൃത്തിയിലൂടെ തെളിയിച്ചതെന്നും മന്ത്രി പറഞ്ഞു.

കോന്നിയിലെ കേന്ദ്രീയവിദ്യാലയം അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്ക്കാലികമായി തുടങ്ങുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകിയ അടൂർ പ്രകാശ് എംഎൽഎയെയും കേന്ദ്രീയവിദ്യാലയം പത്തനംതിട്ടയ്ക്ക് അനുവദിക്കുന്നതിന് ശ്രമിച്ച ആന്റോ ആന്റണി എംപിയെയും താത്ക്കാലികമായി വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിന് വിട്ടുനൽകിയ സ്കൂൾ മാനേജർ ഫാ.ജസനെയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിച്ച ജില്ലാ കളക്ടർ പി.ബി.നൂഹിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എംഎൽഎ, ജില്ലാ കളക്ടർ പി.ബി.നൂഹ്, കേന്ദ്രീയ വിദ്യാലയ ഡെപ്യൂട്ടി കമ്മീഷണർ എസ്.എം.സലിം, അസിസ്റ്റന്റ് കമ്മീഷണർ സി.കരുണാകരൻ, പ്രിൻസിപ്പൽ എൻ.രാകേഷ് എന്നിവർ പ്രസംഗിച്ചു.

എറണാകുളം മേഖലയ്ക്ക് കീഴിലെ 40ാമത്തെയും, പത്തനംതിട്ട ജില്ലയിലെ മൂന്നാമത്തെയും കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലെ അട്ടചാക്കൽ സെന്റ് ജോർജ്ജ് വി.എച്ച്.എസ്.എസ് ൽ താത്ക്കാലികമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലായി 200ഓളം കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകിയിട്ടുള്ളത്. കോന്നി കേന്ദ്രീയവിദ്യാലയത്തിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ അരുവാപ്പുലം വല്ലേജിൽ കോന്നി നിർദിഷ്ട കോന്നി മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥലത്ത് നടന്നുവരുകയാണ്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കോന്നി കേന്ദ്രീയവിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവടേക്ക് മാറ്റും. രണ്ട് വർഷംകൊണ്ട് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രീയവിദ്യാലയ അധികൃതർ അറിയിച്ചു

English summary
pathanamthitta local news about alphons kannathanam on education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X