ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ; സംഭവം പത്തനംതിട്ടയിൽ..മൃതദേഹത്തിനായി തിരച്ചിൽ
പത്തനംതിട്ട; കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ ആളെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതെന്ന് പോലീസ്. കലഞ്ഞൂർ പാടം സ്വദേശി നൗഷാദ് (34) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഫ്സാനയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം നൗഷാദിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിനായി പോലീസ് പരിശോധന തുടരുകയാണ്.
2021ലായിരുന്നു നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല. ഇതിനിടയിൽ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളും ലഭിച്ചിരുന്നില്ല. ഒന്നര മാസം മുൻപ് അഫ്സാനയെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് താൻ നൗഷാദിനെ നേരിട്ട് കണ്ടതായി ഇവർ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അഫ്സാന പറഞ്ഞ പരിസരം വിശദമായി തന്നെ പോലീസ് പരിശോധിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല.

ഇതോടെ സംശയം തോന്നിയ പോലീസ് വീണ്ടും അഫ്സാനയെ ചോദ്യം ചെയ്തതതാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിൽ താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിന് മൊഴി നൽകി. നൗഷാദിനെ കൊല ചെയ്ത് മൃതദേഹം പുഴയിൽ ഒഴുക്കിയെന്നായിരുന്നു അഫ്സാനയുടെ ആദ്യമൊഴി. എന്നാൽ അവർ പിന്നീട് മൊഴി തിരുത്തി. വീടിന് സമീപത്തുള്ള സെമിത്തേരിക്ക് സമീപം മൃതദേഹം കുഴിച്ചിട്ടുണ്ടെന്നായിരുന്നു രണ്ടാമത് പറഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ വീണ്ടും ചോദ്യം ചെയ്തതോടെ വീടിന് പുറകിലുള്ള ഭാഗത്ത് കുഴിച്ചിട്ടെന്നായി.
ദമ്പതിമാര്‍ നേരത്തെ താമസിച്ചിരുന്ന ഏനാത്ത് പരുത്തിപ്പാറയിലെ വീട്ടില്‍ ആയിരുന്നു. ഇവിടെ വെച്ചാണ് കൊല നടത്തിയതെന്നാണ് അഫ്സാനയുടെ മൊഴി. ഇതോടെ ഈ ഭാഗത്ത് പോലീസ് പരിശോധന ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പരിശോധന തുടങ്ങിയെങ്കിലും ഇതുവരേയും മൃതദേഹം കണ്ടെത്താനായിട്ടില്ല. പോലീസിനൊപ്പം ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. ആദ്യം ഫോറൻസിക് സംഘം വീടിനുള്ളിലും വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി മാറ്റിയുമെല്ലാം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ ആയിട്ടില്ല. പരസ്പര വിരുദ്ധമായ അഫ്സാനയുടെ മൊഴിയും പോലീസിനെ കുഴയ്ക്കുന്നുണ്ട്. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications