പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: രാജ്യം വിടാൻ ശ്രമം, ഉടമ റോയ് ഡാനിയേലിന്റെ മക്കൾ പിടിയിൽ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നോട്ടീസ് പതിച്ചു. പത്തനംതിട്ട ജില്ലയിലെ വകയാറിലുള്ള പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാന മന്ദിരത്തിലാണ് പത്തനംതിട്ട സബ്കോടതി നോട്ടീസ് പതിച്ചിട്ടുള്ളത്. പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിനിരയായ ഒരു നിക്ഷേപകൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചിട്ടുള്ളത്. ധനകാര്യ സ്ഥാപനത്തിൽ നിന്ന് 46 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുള്ളത്.
അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാ കേസ്! സ്റ്റാർ ഹോട്ടലിൽ ഒരുമിച്ച് അത്താഴ വിരുന്ന്; സ്വപ്നയുടെ മൊഴി..

രണ്ട് പേർ പിടിയിൽ
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ഥാപനത്തിന്റെ ഉടമ ഡാനിയേലിന്റെ മക്കൾ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ദില്ലി എയർപോർട്ടിൽ വെച്ച് പിടിയിലായിട്ടുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ഇവർ രാജ്യം വിടുന്നത് തടയാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലായിട്ടുള്ളത്. റോയ് ഡാനിയേലും ഭാര്യ പ്രഭയും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആരും തന്നെ ഇതുവരെ രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

ആസ്ട്രേലിയയ്ക്ക് കടക്കാൻ ശ്രമം
ദില്ലിയിൽ നിന്ന് ആസ്ട്രേലയിലയിലേക്ക് കടക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്. ദില്ലി വിമാനത്താവളത്തിലെ അധികൃതർ ഇരുവരെയും തടഞ്ഞുവെച്ച ശേഷം ദില്ലി പോലീസിന് കൈമാറിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. നിലവിൽ കോന്നി പോലീസാണ് പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോന്നി സിഐയുടെ നേതൃത്തിലുള്ള സംഘം ദില്ലിയിൽ എത്തി ഇരുവരെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചനകൾ. പോലീസ് സംഘം ദില്ലിയിൽ എത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

നോട്ടീസ് പതിച്ചു
പോപ്പുലർ ഫിനാൻസിന്റെ വകയാറിലുള്ള ആസ്ഥാനത്ത് പത്തനംതിട്ട സബ്കോടതി നോട്ടീസ് പതിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ ആളാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഇയാളുടെ 46 ലക്ഷം രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളത്. നോട്ടീസ് പതിച്ചതിന് പിന്നാലെ പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാന മന്ദിരത്തിൽ പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ റോയിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. റോയ് ഡാനിയേലിന് പുറമേ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലുള്ളവരെയും കേസിൽ പ്രതി ചേർത്തെക്കുമെന്നും സൂചനയുണ്ട്.

2000 കോടിയുടെ നിക്ഷേപം
കേരളത്തിൽ 274 ശാഖകളുള്ള പോപ്പുലർ ഫിനാൻസിൽ 2000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ നാല് വർഷമായി പോപ്പുലർ ഫിനാൻസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലായിരുന്നുവെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്ന് പണം കൃത്യമായി സ്വീകരിക്കുകയും കാലാവധി കഴിഞ്ഞ ശേഷവും നിക്ഷേപം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ ഉയകുന്നത്. സ്ഥാപനം ഉടമകൾക്കെതിരെ പരാതി നൽകുന്നവരുടെ എണ്ണം വർധിച്ചതിന് പിന്നാലെ 100 പേർ സ്ഥാപനത്തിനെതിരെ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

കോന്നി സിഐയ്ക്ക്
പത്തനം ജില്ലയിലെ കോന്നി പോലീസ് സ്റ്റേഷന് പുറമേ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മാന്നാർ, പത്തനംതിട്ട, കൊട്ടാരക്കര, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിലും പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ട് പോകാതിരിക്കാൻ വിമാനത്താവളങ്ങളിലും തട്ടിപ്പ് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. കോന്നി സിഐ പിഎസ് രാജേഷിനാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല.