ശബരിമല മകരവിളക്ക് ജനുവരി 15 ന്: തീര്‍ഥാടക വ്യൂപോയിന്റുകളില്‍ സുരക്ഷ പരിശോധന
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തൻമാർക്ക് മകരജ്യോതി ദർശനം സുഗമാക്കാനുള്ള സൗകര്യങ്ങൾ വിലയിരുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. പാണ്ടിത്താവളം, മരാമത്ത് ബിൽഡിംഗിൻ്റെ എതിർവശത്തുള്ള മൂന്ന് തട്ടുകൾ, ബിഎസ്എന്‍എല്‍ ബിൽഡിംഗിൻ്റെ തെക്കേവശം, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, അന്നദാന മണ്ഡപത്തിന് മുൻവശം എന്നിങ്ങനെ പ്രധാനമായും 10 സ്ഥലങ്ങളാണ് ബാരിക്കേഡ് കെട്ടി ഒരിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകരജ്യോതി ദർശിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട വെള്ളവും ലഘുഭക്ഷണവും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനായി സംഭരിച്ചിട്ടുണ്ട്.
ഇത്തവണ ആദ്യമായി 14,15 തിയതികളിൽ മകരജ്യോതി ദർശനത്തിനെത്തുന്ന ഒരു ലക്ഷത്തോളം അയ്യപ്പഭക്തൻമാർക്ക് അന്നദാനം ഒരുക്കുവാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

മകര ജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയ സൗകര്യങ്ങളാല്ലാതെ മറ്റ് വനപ്രദേശങ്ങളിൽ കടക്കാൻ പാടില്ല. ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ,വിഷച്ചെടികൾ എന്നിവയുടെ ശല്ല്യമുണ്ടാകാനിടയുണ്ട്. കെട്ടിടങ്ങളുടെ മുകളിലും കയറാൻ പാടുള്ളതല്ല. പോലീസ്, വനപാലകർ ഇവർ നൽകുന്ന നിർദ്ദേശം അനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചു കുട്ടികളും മുതിർന്ന അമ്മമാരും 14,15 തീയതികളിലെ യാത്ര ഒഴിവാക്കി 16 മുതൽ 20 വരെ തിരുവാഭരണം ചാർത്തിയ അയ്യപ്പ ഭഗവാനെ ദർശിക്കാൻ എത്തുന്നതാവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സന്ദര്‍ശിച്ചു. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി.
വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും.
ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, വനം, പോലീസ്, അഗ്‌നിശമനസേന, സോയില്‍ കണ്‍സര്‍വേഷന്‍, സോയില്‍ സര്‍വേ, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications