മണിപ്പൂരില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച കുട്ടികളെ കാണാതായിട്ടില്ല: 20 പേരെ തിരിച്ച് അയച്ചെന്ന്
പത്തനംതിട്ട: മണിപ്പൂരില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച കുട്ടികളെ കാണാനില്ലെന്ന ബാലാവാശകമ്മീഷന്‍ കണ്ടെത്തല്‍ നിഷേധിച്ച് സത്യം മിനിസ്ട്രീസ്. കുട്ടികളെ കാണാതായിട്ടില്ല, 20 പേരെ മണിപ്പൂരിലേക്ക് തിരിച്ച് അയക്കുകയാണ് ചെയ്തിട്ടുള്ളത്. ആകെ 48 കുട്ടികളെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കുട്ടികളെ കൊണ്ടുവരുന്നത് ബാലാവകാശ കമ്മീഷനെ അറിയിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നും സത്യം മിനിസ്ട്രീസ് ചെയർമാന്‍ സിവി വടവന അറിയിച്ചു.
കുട്ടികളോടൊപ്പം അവരുടെ ഭക്ഷണം ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ നോക്കാനായി 5 പേരേയും കൊണ്ടുവന്നിരുന്നു. ഇവർ അടക്കം 20 പേരെയാണ് മടക്കി അയച്ചത്. നിയമപ്രകാരം അവിടുത്തേയും ഇവിടുത്തേയും ബാലാവകാശ കമ്മിഷനേയും അറിയിക്കണമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വീഴ്ച പറ്റി. കുട്ടികളെ തിരിച്ച് അയച്ചതില്‍ കൃത്യമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സത്യം മിനിസ്ട്രീസ് ചെയർമാന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെറ്റ എഐ നിർമ്മിത ചിത്രം
കുട്ടികളെ തിരിച്ച് അയച്ചതിന്റെ ട്രെയിന്‍ ടിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നിട്ടും തങ്ങള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 5 കുട്ടികളെ മണിപ്പൂരില്‍ നിന്നും എത്തിച്ചുവെന്നും അതില്‍ 28 കുട്ടികളെ എങ്ങോട്ട് മാറ്റിയെന്ന് അറിയില്ലെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ 48 കുട്ടികളെ മാത്രമാണ് എത്തിച്ചതെന്നാണ് സിവി വടവന അവകാശപ്പെടുന്നത്.
പത്തനംതിട്ട ജസ്റ്റിൻ ഹോമിൽ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ബാലാവകാശ കമ്മീഷന്‍ പരിശോധന നടത്തിയത്. ഇവിടെ കണ്ടെത്തിയ ഒമ്പത് പെൺകുട്ടികളെ നിക്കോൾസൺ സ്‌കൂളിലും, 19 ആൺകുട്ടികളെ കൊല്ലം സർക്കാർ ഹോമിലേയ്ക്കും മാറ്റിയതായി ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ്കുമാർ അറിയിച്ചു.
കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, കെ കെ ഷാജു എന്നിവർ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിൻ ഹോമിൽ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്.
സ്ഥാപനത്തിൽ കുട്ടികൾ സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് എന്നിവർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. മണിപ്പൂരി കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കണമെന്നുള്ള മണിപ്പൂർ ബാലാവകാശ കമ്മിഷന്റെ ആവശ്യത്തെ ടുർന്നാണ് കമ്മിഷന്റെ ഇടപെടൽ.












Click it and Unblock the Notifications