'ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാം'; ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂദല്‍ഹി: ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് കെട്ടികിടക്കുന്ന അരവണ നശിപ്പിക്കാനാണ് സുപ്രീം കോടതിയുടെ അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ സെ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരള ഹൈക്കോടതി അരവണയുടെ വില്‍പന തടഞ്ഞത്.
6.65 ലക്ഷം ടിന്‍ അരവണയാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. ഈ അരവണ ടിന്നുകള്‍ ജനുവരി മുതല്‍ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണ് എന്ന റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ഉത്പാദിപ്പിച്ച് രണ്ട് മാസം കഴിഞ്ഞതിനാല്‍ ഇവ ഇനി ഭക്തര്‍ക്ക് വില്‍ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുകയായിരുന്നു.

ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച് നശിപ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും തീരുമാനിക്കാം എന്നും കോടതി വ്യക്തമാക്കി.
അതിനിടെ അരവണയുടെ വില്‍പന തടഞ്ഞ ഹൈക്കോടതി നടപടിയെ സുപ്രീം കോടതി രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നു എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ഏലയ്ക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍ എന്നും സുപ്രീംകോടതി പറഞ്ഞു.
ഗംഗാനദിയിലെ ജലം മലിനമായിരിക്കാമെന്നും എന്നാല്‍ അതില്‍ മുങ്ങി കുളിക്കുമ്പോള്‍ പുണ്യം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു എന്നും കോടതി പറഞ്ഞു. പ്രസാദവും അത് പോലെയാണെന്നും ഇതൊക്കെ വിശ്വാസങ്ങളുടെ ഭാഗം ആണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദങ്ങള്‍ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണം എന്നും കേന്ദ്രം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇത് അംഗീകരിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ പി എസ്. നടരാജനാണ് ഹാജരായത്. ഹൈക്കോടതിയിലെ ഹര്‍ജിക്കാരായ അയ്യപ്പ സ്പൈസസിന് വേണ്ടി അഭിഭാഷകന്‍ എം ആര്‍ അഭിലാഷും ഹാജരായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ പി എസ് സുധീറുമാണ് ഹാജരായത്.












Click it and Unblock the Notifications