പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പമ്പയില്‍ മണ്ഡലകാലത്തിന് മുമ്പ് സൈന്യം താത്കാലിക പാലങ്ങള്‍ നിര്‍മിക്കും : കടകംപള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡലകാലത്തിന് മുന്‍പ് പമ്പയില്‍ താത്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തില്‍ പാലം ഒലിച്ചുപോയ പമ്പയില്‍ നിന്നും തീര്‍ഥാടനം സുഗമാമാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകകയായിരുന്നു മന്ത്രി.

രണ്ട് പാലങ്ങളാണ് സൈന്യം നിര്‍മിക്കുക. ഒന്ന് തീര്‍ഥാടകര്‍ക്ക് നടന്നു പോകുന്നതിനും മറ്റൊന്ന് ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നു പോകുന്നതിനുമാണ് . പമ്പയുടെ ഹില്‍ടോപ്പില്‍ തുടങ്ങി ഗണപതിക്ഷേത്രം വരെ ബന്ധിപ്പിച്ചായിരിക്കും പാലം നിര്‍മിക്കുക. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് പാലത്തിന്റെ സാമഗ്രികള്‍ എത്തിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം പാലം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്. പാലത്തിന് അനുയോജ്യമായ സ്ഥലം നിര്‍ണയിക്കുന്നതിന് മിലിറ്ററി, ദേവസ്വംബോര്‍ഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. നിര്‍മാണം വേഗത്തിലാക്കാന്‍ പാലത്തിന്റെ നിര്‍മാണ ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

pambai

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞ് കൂടിയ മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയില്‍ ആക്കും. ഇനി മുതല്‍ പമ്പയുടെ തീരത്ത് ഒരു തലത്തിലുമുള്ള സ്ഥിരം നിര്‍മാണവും അനുവദിക്കില്ല. കച്ചവടത്തിനും മറ്റുമായി സീസണ്‍ കഴിഞ്ഞാല്‍ പൊളിച്ച് മാറ്റാവുന്ന താത്കാലിക ഷെഡുകള്‍ മാത്രമേ ഇനിയുണ്ടാവൂ. തകരാറിലായ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ക്ക് പകരമായി താത്കാലികമായി ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്ിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരമായി താത്കാലിക മണ്ഡപം നിര്‍മിക്കും. തീര്‍ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി എല്ലാ വാഹനങ്ങളും നിലയ്ക്കല്‍ വരെയേ അനുവദിക്കുകയുള്ളു. കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസ് ഉപയോഗപ്പെടത്തിയാവും തീര്‍ഥാടകരെ പമ്പയില്‍ എത്തിക്കുക. കെഎസ്ആര്‍ടി സ്റ്റാന്റില്‍ നിന്നും കൂപ്പ് റോഡ് വഴി ഹില്‍ടോപ്പിലൂടെ വണ്‍വേ സംവിധാനം നടപ്പിലാക്കും.

വെള്ളപ്പാച്ചിലില്‍ കേട് പറ്റിയ കുടിവെള്ള സംവിധാനം പരിഹരിക്കുന്നത് വരെ താത്കാലിക സംവിധാനം ഒരുക്കും. ശബരിമലയിലേക്കുള്ള വൈദ്യുത വിതരണം പുനസ്ഥാപിക്കുന്നതിന് ടവറുകള്‍ സ്ഥാപിക്കാനും വൈദ്യുതി എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ചാലക്കയം -പമ്പാ റോഡ് ദേവസ്വം ബോര്‍ഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കും. റോഡില്‍ അപകടകരമായ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പ് നടപടി എടുക്കും. റോഡുകളില്‍ വെള്ളപ്പാച്ചില്‍ മൂലം ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായി സര്‍വേ നടത്തും. പമ്പയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ബലപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ് ,ആര്‍മി മേജര്‍ ആശിഷ് ഉപാധ്യായ, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, എഡിഎം പി.റ്റി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അവലോകന യോഗ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 15 ദിവസം കഴിയുമ്പോള്‍ വീണ്ടും യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രളയത്തെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ ക്യാമ്പുകള്‍ നടന്നുവരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാല്‍പ്പൊടി, പാല്‍, മുട്ട എന്നിവ ലഭ്യമാക്കുന്നുണ്ട്. എന്‍ഡിഡിബി മുഖേന ലഭ്യമായ 3000 കിലോ പാല്‍പൊടിയും 3000 ലിറ്റര്‍ ടെട്രാപായ്ക്ക് പാലും ക്യാമ്പുകളില്‍ വിതണത്തിനായി നല്‍കി. നാമക്കല്ലില്‍ നിന്നും ലഭ്യമാക്കിയ 50000 മുട്ടയും ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിലെ കക്തഷകരുടെ ദുരിതലഘൂകരണത്തിനായി കന്നുകാലികള്‍ക്കു ള്ള മരുന്ന്, കാലിത്തീറ്റ, വൈക്കോല്‍ എന്നിവ ലഭ്യമാക്കുന്ന നടപടി തുടരുന്നു. പെരിങ്ങ, കുറ്റൂര്‍, നിരണം, പന്തളം, തുമ്പമണ്‍, ആറന്മുള എന്നിവിടങ്ങളിലായി 500 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളില്‍ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് പൊലീസ് മാതൃകയായി. പമ്പമുതല്‍ ചാലക്കയം വരെയുള്ള ആദിവാസി ഊരുകളിലാണ് ഡിവൈഎസ്പി റഫീക്കിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ എത്തിച്ചത്. മലവെള്ളപ്പാച്ചിലില്‍ പമ്പാനദി കരകവിഞ്ഞ് ഒഴുകി. അട്ടത്തോട്, ചാലക്കയം, നിലയ്ക്കല്‍ പ്രദേശത്തെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി. കാട്ടുകനികള്‍ ശേഖരിക്കാന്‍ പോലും പുറത്ത് പോകാന്‍ സാധിക്കാതെ ആയതോടെ ഇവര്‍ കടുത്ത പട്ടിണിയിലായി. ഇതറിഞ്ഞ പൊലീസ് ഈ മേഖലയില്‍ എത്തിച്ചേരുന്നതിന് വഴികള്‍ തേടി. മരങ്ങളാല്‍ ചുറ്റപ്പെട്ടതിനാല്‍ ഹെലികോപ്റ്ററില്‍ സാധനങ്ങളെത്തിക്കുക സാധ്യായിരുന്നില്ല. മാത്രവുമല്ല ഒറ്റപ്പെട്ട ഊരുകളില്‍ എത്തിപ്പെടുകയും കഴിയുമായിരുന്നില്ല. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളോട് ഇക്കാര്യം പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് അഴീക്കല്‍ വ്യാസവിലാസം കരയോഗക്കാര്‍ ഒരു ലോറി നിറയെ സാധനങ്ങളുമായി പമ്പയില്‍ എത്തി. 20 ചാക്ക് അരിയും പലവ്യഞ്ജനവും പുത്തന്‍ വസ്ത്രങ്ങളുമായിട്ടാണ് അവര്‍ പൊലീസിന്റെ കൂടെ കൂടിയത്. പമ്പയിലേക്കുള്ള വഴി ദുര്‍ഘടമായതിനാല്‍ ചിറ്റാര്‍, സീതത്തോട് വഴിയായിരുന്നു അവരുടെ യാത്ര. ഇനിയും എത്തിച്ചേരാനാവാത്ത ആദിവാസി മേഖലകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ് ഡി വൈ എസ് പിയും സിവില്‍ പൊലീസ് ഓഫീസര്‍മാരയ ബെന്നിതോമസും യൂസഫും.


ജില്ലയിലെ 335 ദുരിതാശ്വാസ ക്യാമ്പുകളിലായി 11465 കുടുംബങ്ങളിലെ 110435 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ 227 ക്യാമ്പുകളിലായി 7668 കുടുംബങ്ങളിലെ 82274 പേരും കോഴഞ്ചേരി താലൂക്കിലെ 77 ക്യാമ്പുകളിലായി 3315 കുടുംബങ്ങളിലെ 11086 പേരും അടൂര്‍ താലൂക്കിലെ 11 ക്യാമ്പുകളിലായി 174 കുടുംബങ്ങളിലെ 16041പേരും കോന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ രണ്ട് കുടുംബങ്ങളിലെ 28 പേരും റാന്നി താലൂക്കിലെ 11 ക്യാമ്പുകളിലായി 173 കുടുംബങ്ങളിലെ 576 പേരും മല്ലപ്പള്ളി താലൂക്കിലെ ആറ് ക്യാമ്പുകളിലായി 133 കുടുംബങ്ങളിലെ 430 പേരും കഴിയുന്നു.

പ്രളയദുരന്ത മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലെത്തിയ വിവിധ സന്നദ്ധ സംഘങ്ങളും പ്രവര്‍ത്തകരും തിരുവോണനാളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ന് (25) മുതല്‍ കൂടുതല്‍ പേര്‍ സന്നദ്ധ സേവനങ്ങള്‍ക്കിറങ്ങും. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ സംഘവും നാളെ മുതല്‍ പ്രളയ സ്ഥലങ്ങളില്‍ ശ്രമദാനം തുടങ്ങും. ഇതിനു മുന്നോടിയായി ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമയുമായി ഇന്നലെ അവര്‍ ചര്‍ച്ച നടത്തി. ഇതിനു പുറമേ പ്രളയബാധിതര്‍ നേരിടുന്ന മാനസികാഘാതവും പിരിമുറുക്കവും ലഘൂകരിക്കാനുതകും വിധം കൗണ്‍സിലിംഗ് നല്‍കാനുള്ള പ്രത്യേക സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. ദുരന്ത മേഖലയില്‍ ഇതുവരെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനിമുതല്‍ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റ ഭാഗമായി ഒരാഴ്ചക്കാലമെങ്കിലും തുടര്‍ച്ചയായി മേഖലകളില്‍ത്തന്നെ തങ്ങി കൂടുതല്‍ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനുള്ള പദ്ധതിക്ക് ഹരിതകേരളം മിഷന്‍ തുടക്കമിടും. ഇതിനായി നിരവധി ചെറുസംഘങ്ങളെ സജ്ജമാക്കി മേഖലകളിലെത്തിക്കും.ഈ മാസം 27 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചീകരണത്തിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്ന ഖരമാലിന്യം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിതകേരളം മിഷനും ഏകോപിതമായി നടപടികള്‍ സ്വീകരിക്കും.

പ്രളയബാധിത മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഉപകരണങ്ങളും സാമഗ്രികളുമായി നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തുവരുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജീവനക്കാര്‍, പൂജപ്പുര മുടവന്‍മുകള്‍ പൗരസമിതി, തിരുവനന്തപുരം വലിയവിള ഇലിപ്പോട്, സൗഹൃദ റസിഡന്റ്സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ വിവിധ ഉപകരണങ്ങളും സാമഗ്രികളും ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ ഏറ്റുവാങ്ങി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബ്ബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ഇനിയും അടിയന്തരമായി ആവശ്യമാണ്. ഇത് എത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിതകേരളം മിഷന്‍ ആരംഭിച്ച രജിസ്ട്രേഷന്‍ സംവിധാനം www.haritham.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ഇതിനു പുറമേ 0471-2449939 എന്ന ഫോണ്‍ നമ്പരിലും 9188120320, 9188120316 എന്നീ മൊബൈല്‍ നമ്പര്‍ വഴിയുള്ള രജിസ്ട്രേഷനും തുടരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവരെ അവരവരുടെ താല്‍പ്പര്യാര്‍ത്ഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ശുചീകരണ പ്രവര്‍ത്തനത്തിന് നിയോഗിക്കുന്നത്.

English summary
temporary bridge to build pampa before sabarimala season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X