ഒറ്റ രാഷ്ട്രം ഒറ്റ തിരഞ്ഞെടുപ്പ്; രണ്ട് പതിറ്റാണ്ടായി ആര്‍എസ്എസും ബിജെപിയും കൊണ്ട് നടക്കുന്ന അജണ്ട, കൂടുതൽ അറിയാം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകളാണ് ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നത്. ഒറ്റ രാഷ്ട്രം ഒറ്റ തിരഞ്ഞെടുപ്പ് എന്നത് രണ്ട് പതിറ്റാണ്ടായി ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ട് മുന്നോട്ട് വെക്കുന്ന ആശയമാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മമത ബാനര്‍ജി, തെലുങ്കുദേശം പാര്‍ട്ടി മേധാവി എന്‍ ചന്ദ്രബാബു നായിഡു എന്നീ പ്രതിപക്ഷ കക്ഷികള്‍ ഇതിനോടകം തന്നെ എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് വഴി തിരഞ്ഞെടുപ്പു ചെലവുകള്‍ കുറയ്ക്കുകയും രാഷ്ട്രീയ വിരോധം കുറക്കുകയും സ്വതന്ത്ര ഭരണം കൊണ്ടു വരികയും മാതൃക പെരുമാറ്റച്ചട്ടം കാരണം പദ്ധതികള്‍ നടപ്പാക്കാതെ വരികയും ചെയ്യുന്നത് ഇല്ലാതാക്കാമെന്നാണ് ബിജെപിയുടെ വാദം.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് മാതൃക
1951-നും 1967-നും ഇടയിലുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിനുള്ള മാതൃകയാണ്. ഇക്കാലയളവില്‍ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണമായോ ഭാഗികമായോ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു നടന്നത്.
1951-52 കാലഘട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടന്നു. ഒരേസമയം വോട്ടെടുപ്പ് നടന്നപ്പോള്‍ 1957 ല്‍ 76 ശതമാനവും 1962 ല്‍ 67 ശതമാനവും ആയിരുന്നു. 1970 കളില്‍ ഈ ലിങ്ക് പൂര്‍ണമായും തകര്‍ന്നു.
1990-കളുടെ അവസാനത്തില്‍ ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ട് വീണ്ടും നവീകരിച്ചപ്പോള്‍ 13 ദിവസത്തെ സര്‍ക്കാരടക്കം മൂന്നെണ്ണം വാജ്‌പേയി രൂപീകരിച്ചു. ബിജെപി നേതാവ് എല്‍.കെ അദ്വാനി ആയിരുന്നു ആ സമയത്തെ പ്രധാനപ്പെട്ട നേതാവ്.
ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് വാജ്‌പേയി
1999 ല്‍ വാജ്‌പേയി ഭരണകാലത്ത് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷന്‍ ഒരു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. ഒരു ഗവണ്‍മെന്റിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമ്പോള്‍ ഒരു ബദല്‍ ഗവണ്‍മെന്റിന് വോട്ടുചെയ്യുന്നതിനുള്ള ഒരു പ്രമേയം ഉണ്ടായിരിക്കണം എന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കോൺഗ്രസും വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞിട്ടില്ല
'ഒരു രാഷ്ട്രത്തെ ഒരു തെരഞ്ഞെടുപ്പിന്' ഒരു യോഗത്തിന് മുന്നോടിയായി നിയമ കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം ഒരു സര്‍വ്വകക്ഷി യോഗം നടത്തിയിരുന്നു. ബിജെപിക്കൊപ്പം കോണ്‍ഗ്രസും വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞിട്ടില്ലെന്നതാണ് രസകരമായ കാര്യം.
എഐഎഡിഎംകെയും സമാജ്വാദി പാര്‍ട്ടിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ബിഎസ്പി, ടിഎംസി, ടിഡിപി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നതിനെ എതിര്‍ത്തു.
മോദിയുടെ സമ്മര്‍ദ്ദം
ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് ഒരു പഠനം നടത്താന്‍ 2017 ജനുവരിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനു ശേഷം വിവിധ മുഖ്യമന്ത്രിമാര്‍ക്കൊപ്പമുള്ള നീതി ആയോഗ് യോഗത്തില്‍ സംസാരിക്കവെ ഒരേ സമയം ലോക്‌സഭ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സുദര്‍ശന നാച്ചിയപ്പയുടെ നിർദേശം
2015 ഡിസംബറിലെ ഒരു പാര്‍ലമെന്ററി കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മോദിയുടെ സമ്മര്‍ദ്ദം ആരംഭിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭ എം.പിയായിരുന്ന ഇ.എം. സുദര്‍ശന നാച്ചിയപ്പനാണ് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേയ്ക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തത്.
രണ്ടു ഘട്ടമെന്ന് മോദി
2021 ഓടെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ രണ്ടു ഘട്ടമായി നടത്താനുള്ള സൂചനയാണ് നീതിയ ആയോഗ് യോഗത്തില്‍ മോദി നല്‍കിയത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ഒരു മാതൃക പിന്തുടരാന്‍ ആലോചിച്ചു. പക്ഷേ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത് സാധ്യമായില്ല. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായിരുന്നെങ്കിലും രാഷ്ട്രീയ തലത്തില്‍ നടപടി എടുക്കേണ്ടതായുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് 2017 ഒക്ടോബറില്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി.