ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ചാൽ ആശുപത്രിക്കെതിരെ നടപടിയെന്ന് കളക്ടർ
തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബില്ല് പൂർണമായി അടയ്ക്കുംവരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഈ പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവു പുറപ്പെടുവിച്ചതായും കളക്ടർ അറിയിച്ചു.
ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ ഇത്തരം സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ കളക്ടർക്കു റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണെന്നു കളക്ടർ പറഞ്ഞു. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ഭീമമായ ബിൽ തുക പലപ്പോഴും രോഗികളുടെ ബന്ധുക്കൾക്കു താങ്ങാവുന്നതിലുമേറെയാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും കളക്ടർ വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ ബന്ധുക്കൾ 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കണമെന്നായിരുന്നു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സാ ചെലവുകൾ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കൾക്ക് അധികൃതർ കൃത്യമായ ധാരണ നൽകിയിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണു കളക്ടർ ആശുപത്രി മാനേജ്‌മെന്റിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. രണ്ടു ദിവസത്തിനകം തൃപ്തകരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടിസിൽ പറയുന്നു.












Click it and Unblock the Notifications