'മരണവീട്ടിൽ കയറി പൊലീസ് അതിക്രമം' ; പരാതിയുമായി നെയ്യാറ്റിൻകര സ്വദേശി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ മരണവീട്ടിൽ പൊലീസ് അതിക്രമം നടത്തിയതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ ഭാര്യയുടെ വീട്ടിൽ പൊലീസ് കയറിയെന്നാണ് ഉയരുന്ന പരാതി. രണ്ട് ദിവസം മുമ്പാണ് മധുവിന്റെ ഭാര്യയുടെ അമ്മ മരിച്ചത്. നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ അരവിന്ദും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ഈ സംഭവത്തെ തുടർന്ന് ഇവരെ പിടിക്കാനായി മധുവിന്റെ ഭാര്യ വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് പരാതി. അമ്മയുടെ മരണത്തെ തുടർന്ന് മധുവും കുടുംബവും ഈ വീട്ടിലാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം മധുവിന്റെ മകൻ അരവിന്ദിനെ കസ്റ്റഡിയിലെടുത്താണ് മടങ്ങിയത്.

അതേസമയം വീട്ടിനുള്ളിൽ അതിക്രമം കാണിച്ചെന്ന ആരോപണം നെയ്യാറ്റിൻകര ഡിവൈഎസ്പി നിഷേധിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അരവിന്ദ് എന്നാണ് പൊലീസ് പറയുന്നത്. അരവിന്ദന്റെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതാണെന്നും ഡിവൈഎസ്പി പറഞ്ഞു. പിടികൂടാനെത്തിയ പൊലീസുകാരെ കണ്ട് വീട്ടിൽ കയറി ഒളിച്ച പ്രതിയെ നാട്ടുകാരുടെ സാന്നിധ്യത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.












Click it and Unblock the Notifications