ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം കള്ളവോട്ട്; പരാതി നല്‍കിയെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം കള്ളവോട്ട് കടന്നുകൂടിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് എംപി. തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം ഇക്കാര്യത്തില്‍ പരാതി നല്‍കി കഴിഞ്ഞു. അതിലെന്താണ് തീരുമാനം വരുന്നതെന്നാണ് നോക്കുന്നത്. അതനുസരിച്ചായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആറ്റിങ്ങലിലെ സിറ്റിംഗ് എംപി കൂടിയാണ് അദ്ദേഹം.
അതേസമയം ആറ്റിങ്ങലില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചയാളാണ്. ആര്‍ക്കും മണ്ഡലത്തിലേക്ക് സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പൂര്‍ത്തിയാവാതെ ചുവരെഴുത്ത് തുടങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

ചുവരുകള്‍ നേരത്തെ തന്നെ പ്രവര്‍ത്തകര്‍ ബുക്ക് ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. തിരഞ്ഞെടുപ്പാവുമ്പോള്‍ അതിന്റെ മുന്നോടിയായി അത്തരം കാര്യങ്ങളെല്ലാം പ്രവര്‍ത്തകര്‍ ചെയ്യും. എന്നാല്‍ മണ്ഡലത്തിലെ പ്രധാന പ്രശ്‌നം കള്ളവോട്ടാണ്. കഴിഞ്ഞ തവണ ഒന്നേകാല്‍ ലക്ഷം കള്ളവോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് ഒന്നേമുക്കാല്‍ ലക്ഷമായിട്ടുണ്ട്. ഇത്രയും കാലം ഈ കള്ളവോട്ട് കാരണമാണ് ആറ്റിങ്ങലില്‍ എല്‍ഡിഎഫ് വിജയിച്ച് കൊണ്ടിരുന്നത്.
കഴിഞ്ഞ തവണ ഒരു മാറ്റമുണ്ടായത്, ഇതെല്ലാം കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചത് കൊണ്ടാണ്. 50000 വോട്ടിലധികം അതുകൊണ്ടാണ് ചെയ്യാനാവാതെ പോയത്. ഇത്തവണത്തെ കള്ളവോട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം അറിയിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാം. വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായത് കൊണ്ട് കൂടുതല്‍ സൗകര്യം പ്രചാരണത്തിന് ലഭിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.












Click it and Unblock the Notifications