പിങ്ക് പോലീസ് അപമാനിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥ കുട്ടിക്ക് ഒന്നരലക്ഷം നല്‍കണം
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് നടുറോഡില്‍ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോടതി നിര്‍ദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്നും ഈടാക്കും. നടുറോഡില്‍ പൊലീസ് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നു. കുട്ടിയ്ക്ക് എതിരെ പൊലീസ് ഉദ്യോഗസ്ഥയുടെ ജാതി അധിക്ഷേപമുണ്ടായിട്ടില്ലെന്നും അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ വകുപ്പതല നടപടി എടുത്തെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷവും കോടതി ചെലവും പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്.
ഹൈക്കോടതി ഉത്തരവിട്ട് ആറ് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലില്‍ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ രജിത അധിക്ഷേപിക്കുന്നത്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി.

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നത്. എന്നിട്ടും നാട്ടുകാരുടെ മുന്നില്‍ വെച്ച് രജിത സ്വന്തം നിലപാട് ന്യായീകരിച്ച് സംസാരിച്ചു. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന റിപ്പോര്‍ട്ട് ആണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.അന്വേഷണത്തിന്റെ പേരില്‍ ഇപ്പോഴും തന്നെയും മകളെയും വേട്ടയാടുകയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറയുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂണിഫോം ജോലിയില്‍ നിന്നും രജിതയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

അന്ന നടന്ന സംഭവത്തിന്റെ ചുരുക്കം വായിക്കാം:
ഐഎസ്ആര്‍.ഒയിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാന്‍ ആണ് ജയചന്ദ്രനും മകളും ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് കുറച്ച് അകലായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു.

സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ അവിടെ വെച്ച് ചോദ്യംചെയ്തു. ഇതോടെ ആളുകള്‍ കൂടി. ഫോണ്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങി.
Recommended Video

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇവര്‍ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍, പോലീസ് വാഹനത്തില്‍നിന്നുതന്നെ മൊബൈല്‍ഫോണ്‍ കിട്ടിയിട്ടും രജിത ആക്ഷേപം തുടര്‍ന്നെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications