കണിയാപുരത്ത് ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി
തിരുവനന്തപുരം: ജില്ലയിൽ ബോംബ് ഭീഷണി. കണിയാപുരം ബസ് സ്റ്റാൻഡിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി. തമ്പാനൂർ ബസ് ഡിപ്പോയിൽ ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഇതേ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ആറ്റിങ്ങൽ ഡി വൈ എസ്പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം, പരിശോധന തുടരുന്നുണ്ടെങ്കിലും സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല. ഇത് വ്യാജ സന്ദേശം എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. എന്നാലും, പൊലീസ് ജാഗ്രത തുടരുകയാണ്. അതേസമയം, കോവളം നിയോജകമണ്ഡലം എംഎൽഎ എം. വിൻസെന്റിനറെ കാർ അടിച്ചു തകർത്തു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷാണ് എംഎൽഎയുടെ കാർ അടിച്ചു തകർത്തത്. സംഭവത്തിൽ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ സന്തോഷ് കമ്പിപ്പാര കൊണ്ട് കാറിന്റെ ഗ്ലാസും മുൻവശവും അടിച്ചു തകർക്കുകയായിരുന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു എംഎൽഎയുടെ കാർ. കാറിൽ എംഎൽഎ ബോർഡും ഉണ്ടായിരുന്നു. അതേസമയം, പ്രതിയായ സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ് എന്നാണ് വിവരം.












Click it and Unblock the Notifications