'ഡെപ്യൂട്ടി മേയറെ പേന കൊണ്ട് കുത്തി!! അസഭ്യം പറഞ്ഞു'; കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം
തിരുവനന്തപുരം: നികുതി പിരിവില്‍ വെട്ടിപ്പ് നടന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ വാക്കേറ്റം. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ ആര്യ രാജേന്ദ്രന്‍ അനുവദിച്ചില്ല. ഇതോടെ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെ ബിജെപി അംഗം വിജി ഗിരികുമാര്‍ ബഹളത്തിനിടെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു.
ഉച്ച തിരിഞ്ഞ് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോര്‍പറേഷന്റെ സോണല്‍ ഓഫീസുകള്‍ വീട്ടുകരം പിരിച്ചെടുത്ത് നഗരസഭയില്‍ അടച്ചില്ലെന്ന വിവരം പുറത്തായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അജണ്ടയില്‍ ഇല്ലാത്ത കാര്യമാണെന്നും മൂന്ന് സോണല്‍ ഓഫീസുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ മറുപടി നല്‍കി. വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്നും മേയര്‍ വ്യക്തമാക്കി.

ഇതോടെ ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഇരിക്കുന്നിടത്ത് എത്തി. തുടര്‍ന്ന്, ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെയാണ് ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായതത്രെ. ബിജെപി അംഗം ഗിരികുമാര്‍ പികെ രാജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന പേന ഉപയോഗിച്ച് രാജുവിനെ കയ്യില്‍ കുത്തിയെന്നും ഭരണപക്ഷം ആരോപിച്ചു. തുടര്‍ന്ന് ഗിരികുമാറിനെ മേയര്‍ സസ്പെന്‍ഡ് ചെയ്തു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ബിജെപി അംഗം കയ്യേറ്റം ചെയ്യുകയും തന്നെയും മാതാവിനെയും അസഭ്യം പറയുകയും ചെയ്തതായി ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും നഗരവാസികളുടെ വീട്ടുകരം തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിനിധികള്‍ കൗണ്‍സില്‍ ഹാളില്‍ സമരം നടത്തി.
മുഴുവന്‍ സോണല്‍ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് പൂര്‍ണ വിവരം ലഭിച്ചതിനു ശേഷമേ പോലീസില്‍ പരാതി നല്‍കാനാവൂവെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആകാത്തതിന്റെ നിരാശ മൂലം പുതിയ ഭരണസമിതിയുടെ ആരംഭകാലം മുതല്‍ കൗണ്‍സില്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മേയര്‍ ആരോപിച്ചു. 40 ലക്ഷം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍.












Click it and Unblock the Notifications