വ്യാപാരശാലകളിലും വിൽപ്പന കേന്ദ്രങ്ങളിലും തിരക്ക് ; തലസ്ഥാനത്ത് വിപണികൾ സജീവം
തിരുവനന്തപുരം: കൊവിഡ് ആശങ്കകൾക്കിടയിൽ ഓണക്കാലം വരവായി. നഗരത്തിൽ നിർജീവമായിരുന്ന വിപണികൾ വിപണികൾ സജീവമായി തുടങ്ങി. നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കച്ചവടം താരതമ്യേന മെച്ചപ്പെട്ട് തുടങ്ങിയത്. ജനങ്ങളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി നിരവധി ഓഫറുകളാണ് തലസ്ഥാനത്തെയടക്കമുള്ള വ്യാപാര ശാലകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള മേളകൾ 20ന് സമാപിക്കുന്ന വിധത്തിലാണ് പലയിടങ്ങളിലും ക്രമീകരിച്ചിട്ടുള്ളത്.
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

വ്യാപാരശാലകളെന്ന പോലെ പഴം, പച്ചക്കറി വിപണികളും വഴിയോരകച്ചവടവും നഗരത്തിൽ സജീവമാണ്. പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വാണിജ്യ വിപണനമേളകളും പല കേന്ദ്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരങ്ങൾ പ്രവർത്തിക്കുന്നത്.

മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്തശേഷം കടകളിൽ എത്തുന്നവരുമുണ്ട്.വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവടസ്ഥാപനങ്ങളിലെ വ്യാപാരികൾ പറയുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി അധികജീവനക്കാരെയും പല സ്ഥലങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായും തിരക്ക് കൂടുന്ന സ്ഥലങ്ങളിൽ സുരക്ഷ ഒരുക്കുന്നതിനും പൊലീസിൻ്റെ സേവനവും വിവിധയിടങ്ങളിൽ ലഭ്യമാണ്.

കൂടാതെ, കൈത്തറി ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി പുത്തരിക്കണ്ടം മൈതാനത്ത് ഓണം കൈത്തറി വിപണനമേള ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾക്ക് വൻ വിലക്കിഴിവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ വ്യവസായ-വാണിജ്യ കൈത്തറി ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം സപൈഷ്യൽ മേള 20-ന് സമാപിക്കും. മേളയിൽ എത്തുന്നവർ മികച്ച പ്രതികരണമാണ് നടത്തുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു.

കൂടാതെ ഓണമാഘോഷിക്കാൻ കൈത്തറി മേഖലയും ഒരുങ്ങിക്കഴിഞ്ഞു. ഖാദി റിബേറ്റ് ആനുകൂല്യത്തോടെ ഗ്രാമീണ ഉത്പ്പന്നങ്ങൾ അടങ്ങിയ കിറ്റ് കേരള ഗാന്ധിസ്മാരകനിധിയുടെ തൈക്കാട് ഗാന്ധിഭവനിൽ 2,999 രൂപയ്ക്ക് ലഭിക്കും. കോട്ടൺ സാരി ഒന്ന്, കോട്ടൺ ഷർട്ട് രണ്ട്, മുണ്ട് രണ്ട്, രണ്ട് തോർത്ത്, ഒരു കുപ്പി തേൻ, നല്ലെണ്ണ 100 ഗ്രാം എന്നിവ ഉൾപ്പെടുന്ന ഓണക്കിറ്റ് വരുന്ന 20 വരെ ലഭ്യമാണ്. വഴുതക്കാട് ജവഹർ ബാലഭവനിൽ ബാലരാമപുരം കൈത്തറി മേളയും നടക്കുന്നുണ്ട്. ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിലാണ് നിൽക്കുന്നത്

അതേസമയം, സർക്കാരിൻ്റെ കൺസ്യൂമർഫെഡ് ഓണം ആഘോഷിക്കുന്നത് ഒരല്പം വ്യത്യസ്തമായിട്ടാണ്. രോഗവ്യാപന പശ്ചാത്തലത്തിൽ സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഓൺലൈൻ സംവിധാനമാണ് വിൽപ്പന കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. കൺസ്യൂമർഫെഡ് ഡിജിറ്റൽ വിപ്ലവത്തിൻറെ ഭാഗമായി ആരംഭിച്ച ത്രിവേണി സ്റ്റോറുകളുടെ ഓൺലൈൻ പതിപ്പായ ബിസിനസ് പോർട്ടൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.www.consumerfed.in എന്ന വെബ് പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഓർഡർ ചെയ്യാം.

24 മണിക്കൂറിനുള്ളിൽ സാധനം വീടുകളിലെത്തും. ഓൺലൈൻ പെയ്മെൻറ് ക്യാഷ് ഓൺ ഡെലിവറി സ്കീമും ലഭ്യമാണ്.ആകർഷകമായ നിരവധി ഓഫറുകളും ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന മലയാളികൾക്കായി അനുവദിച്ചിട്ടുണ്ട്.ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലായിടത്തും ഇത്തരത്തിലുള്ള സേവനം ലഭ്യമാണ്. ഓണമധുരം കിറ്റുമായി തിരുവനന്തപുരം റീജയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തുണ്ട്.100 ml നെയ്യ്, 180 ഗ്രാം പേട, 200 ഗ്രാം പാലട മിക്സ്, ഒരു ലിറ്റർ ഐസ്ക്രീം, ചോക്കോ ബിറ്റ് രണ്ടെണ്ണം, മിൽക്കി ബിറ്റ് രണ്ടെണ്ണം എന്നിവയാണ് കിറ്റിലുള്ളത്. 506 രൂപ വിലയുള്ള കിറ്റ് 400 രൂപക്ക് ലഭിക്കും.

നഗരത്തിലെ വിവിധ പ്രദേശങ്ങളായ പട്ടം കവടിയാർ അമ്പലമുക്ക് പൂജപ്പുര നന്ദൻകോഡ് സ്റ്റാളുകളിൽ ഓഗസ്റ്റ് 20 വരെ രാവിലെ 5 മുതൽ രാത്രി 9 വരെ ഇത് ലഭ്യമാകും. അതേസമയം, ഹോർട്ടികോർപ്പിൻ്റെ ആഭിമുഖ്യത്തിൽ പാളയത്ത് ഉൾപ്പെടെ വിവിധയിടങ്ങളിൽ വിപണന മേളകളും ആരംഭിച്ചിട്ടുണ്ട്. 107 ഓണച്ചന്തകളും ഓണത്തോടനുബന്ധിച്ച് തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications