തിരുവനന്തപുരത്ത് രണ്ടിലൊരാൾക്ക് കൊവിഡ് പോസിറ്റീവാകുന്നു; ജില്ലയിൽ ഇനി സിൻഡ്രോമിക് മാനേജ്‌മെന്റ്
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്ന് മുതുല്‍ രോഗ ലക്ഷണങ്ങളുള്ളവരും പരിശോധിക്കാതെ പോസിറ്റീവായി കണക്കാക്കും. പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് തിരുവനമ്പുരം ജില്ല ഇപ്പോഴുള്ളത്.
കര്‍മ്മ പദ്ധതിയിലെ നിര്‍ദ്ദേശ പ്രകാരം ഇനി ജില്ലയില്‍ സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് അവലംബിക്കുന്നത്. രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്.

ലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റിവായി കണക്കാക്കി കര്‍ശന ഐസോലേഷന്‍ പാലിക്കേണ്ടിവരും. കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധയില്‍ മുന്‍ഗണന നല്‍കി ചികിത്സ നല്‍കാനും ഊന്നല്‍ നല്‍കും. ആരോഗ്യവകുപ്പിന്റെ കര്‍മ്മപദ്ധതി പ്രകാരമാണ് പുതിയ മാറ്റങ്ങള്‍. താഴേത്തട്ടില്‍ കൂടുതല്‍ സി എഫ് എല്‍ ടി സികള്‍ തുറക്കാനും ഫീല്‍ഡ് ആശുപത്രികള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. അതേസമയം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പരിശോധന നടത്തണം. കൃത്യസമയം ചികിത്സ തേടുകയും വേണം.
അതേസമയം, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളായതിനാലാണ് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി.
മതപരമായ പ്രാര്‍ത്ഥനകളും ആരാധനകളും ഓണ്‍ലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. സിനിമ തിയേറ്റര്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ജനുവരി 31 വരെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. അതേസമയം 10, 12, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. ഈ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജര്‍നില ശരാശരി 40 ശതമാനത്തില്‍ താഴെ എത്തുകയും ചെയ്താല്‍ സ്ഥാപനമേധാവികള്‍ ക്ലാസുകള്‍ 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടരണം.
റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ബയോ ബബിള്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയന്ത്രണം ബാധകമായിരിക്കില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയില്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.












Click it and Unblock the Notifications