'കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും, കല്ലിടൽ നിർത്തിവക്കില്ല' ; കെ-റെയില്‍ എം ഡി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോകുമെന്ന് കെ-റെയില്‍ എം ഡി വി. അജിത് കുമാര്‍. പ്രതിഷേധത്തിന്റെ പേരിൽ കല്ലിടൽ നിർത്തിവക്കില്ലെന്നും തടസങ്ങളുണ്ടായാൽ അത് നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. സാമൂഹികാഘാത പഠനം നടത്താനാണ് ഇപ്പോൾ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ഈ ഘട്ടത്തിൽ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കുന്ന നടപടിയല്ല. പദ്ധതിക്ക് അനുമതി ലഭിക്കാനായി സാമൂഹികാഘാത പഠനം നടത്തേണ്ടതായുണ്ട്. ഈ നടപടിയുടെ മുന്നോടിയായുള്ള കല്ലിടൽ മാത്രമാണ് നിലവിൽ നടക്കുന്നത്. കല്ലുകൾ പ്രതിഷേധക്കാർ പിഴുതി മാറ്റിയാൽ പുതിയ കല്ലിടേണ്ടി വരും. ഒരു മാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും തുടർന്ന് അടുത്ത മൂന്ന് മാസം കൊണ്ട് സമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, തടസങ്ങളുണ്ടായാല്‍ അതിനനുസരിച്ച് താമസം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിശ്ചിയ ഭൂമിയെ ബാധിക്കുമോ ഇല്ലയോ എന്ന് കല്ലിട്ടാൽ മാത്രമേ ആളുകള്‍ക്ക് അറിയാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് കല്ലിടല്‍ അത്യാവശ്യമാണ്. നിലവിലുള്ള നിയമപ്രകാരമാണ് കല്ലിടുന്നത്. കേരളാ ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികള്‍ക്കും കല്ലിടുന്നുണ്ട്. തത്വത്തില്‍ അനുമതി കിട്ടിയ എല്ലാ പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ പദ്ധതിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ അനുമതി കിട്ടാത്തതെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രോജക്ട് ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടാണ്. പദ്ധിക്ക് തത്വത്തിലുള്ള അനുമതി തന്നതും കേന്ദ്ര സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ പറഞ്ഞത് കേന്ദ്ര ധനകാര്യമന്ത്രിയാണെന്നും അജിത് കുമാര്‍ പറഞ്ഞു.

അതേ സമയം കെ റെയിൽ കല്ലിടലുമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കിവിടുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിൽ ഒരു സംഭവമാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും സജി ചെറിയാൻ ആരോപിച്ചു. സർവ്വേ കല്ല് പിഴുതു മാറ്റിയാൽ വിവരമറിയുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാകും. സ്ഥലവും വീടും നഷ്‌ടപ്പെടുന്നവർക്കായി നല്ല ഒന്നാന്തരം നഷ്‌ടപരിഹാരം ഉണ്ടെന്നും എല്ലാം വ്യക്തമായി പറയുന്നുമുണ്ടെന്നും മന്ത്രി പറയുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പം തീവ്രവാദ സംഘടനകളുമാണ് സമരരംഗത്തുള്ളത്. സിൽവർ ലൈൻ കേരളത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇന്ത്യയിലെ തന്നെ മറ്റ് 11 സംസ്ഥാനങ്ങൾ സിൽവർ ലൈനിന് സമാനമായ രീതിയിലുള്ള പദ്ധതികൾ ആരംഭിച്ചെന്നും ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications