കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളി എന്ന ഷാജിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
കാളിയിക്കാവിള ഒറ്റാമരത്താണ് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെ കണ്ടെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്നാട് പോലീസിന്റെ പട്രോളിംഗിന് ഇടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കണ്ട പോലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് ഇദ്ദേഹത്തെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളം ഉണ്ടായിരുന്നു.
കാറിന്റെ ഡിക്കി തുറന്ന് കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലാണ് കണ്ടെത്തിയത്. ദീപുവിന് മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെ സി ബിയും മറ്റും വാങ്ങുന്നതിനായി രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി.
കഴിഞ്ഞ ദിവസം രാത്രി സമയം 10. 12 നുള്ള ദൃശ്യങ്ങളിൽ കാറിൽ നിന്ന് ഇറങ്ങി ഒരാൾ മുന്നോട്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാൾ നടന്നുനീങ്ങുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ഇയാളെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൃതദേഹം കണ്ട കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകരയ്ക്കും അമരവിളയ്ക്കകത്തും വെച്ചാണ് പ്രതി കാറിൽ കയറിയത് എന്നാണ് റിപ്പോർട്ട്. തെർമോകോൾ കട്ടർ ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications