നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം
തിരുവനന്തപുരം: കൂടിയൊഴുപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ തീക്കൊളുത്തി മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്ത മകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം. നെയ്യാറ്റികര പാര്‍ട്ടി ഏരിയ കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് പാര്‍ട്ടി തീരുമാനം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനിടെ, ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പൊലീസിനെതിരെ ആരോപണങ്ങല്‍ രൂക്ഷമായതിന് പിന്നാലെയാണ് ഇങ്ങനെയൊരു നടപടി.












Click it and Unblock the Notifications