'ആൺകുട്ടിയുടെ കവിളത്ത് അടിച്ചു, കമ്പെടുത്ത് തലങ്ങും വിലങ്ങും അടി'; വീഡിയോ പുറത്തുവിട്ട ദമ്പതികൾ പറയുന്നു
തിരുവനന്തപുരം: പോത്തന്‍കോട് വെള്ളാനിക്കല്‍ പാറയില്‍ കുട്ടികള്‍ക്കെതിരെയുള്ള സദാചാര ആക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് ദമ്പതിമാര്‍. സ്ഥലത്ത് ഫോട്ടോഷൂട്ടിന് എത്തിയ ദമ്പതിമാരായ ശ്രീകാര്യം സ്വദേശി ലക്ഷ്മിയും ഭര്‍ത്താവ് വിഷ്ണുവുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. സദാചാര ഗുണ്ടായിസം നടത്തയ ആള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നത് അറിഞ്ഞിട്ടാണ് വീഡിയോ പുറത്തുവിട്ടതെന്ന് ദമ്പതിമാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ദമ്പതിമാര്‍ പറയുന്നത് ഇങ്ങനെ...

ഫോട്ടോഷൂട്ടിനായി പോകുന്നതിനിടെയാണ് ആള്‍ക്കൂട്ടവും ബഹളവും കണ്ടത്. കാര്യമന്വേഷിച്ചപ്പോള്‍ ഒരാള്‍ കുട്ടികളുടെ കവിളില്‍ ശക്തമായി അടിക്കുന്നതാണ് കണ്ടത്. മൊബൈലില്‍ വീഡിയോ ഓണ്‍ ചെയ്ത് ഇവര്‍ കുട്ടികളുടെ അടുത്തേക്ക് പോയി. പിന്നീടാണ് ഇയാള്‍ ഒരു കമ്പെടുത്ത് ഒരു പെണ്‍കുട്ടിയെ അടിച്ചത്. ആ കുട്ടി കരയുമ്പോള്‍ മറ്റൊരു കുട്ടിയെയും അയാള്‍ അടിച്ചു.

ഇത് ചോദ്യം ചെയ്തതോടെ അയാള്‍ അടിക്കുന്നത് നിര്‍ത്തി. താന്‍ നാട്ടുകാരനാണെന്ന ഭാവം ആക്രമിക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ തൊടരുതെന്ന് ഒച്ചവച്ചപ്പോള്‍ ഇയാള്‍ മടങ്ങി. പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി. ഇവരോട് സംസാരിച്ച് ആക്രമിച്ച ആളുകളെ അന്ന് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലക്ഷ്മിയെയും ഭര്‍ത്താവിനെയും സാക്ഷികളാക്കിയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബര്‍ നാലിന് നടന്ന സംഭവത്തെ കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോഴാണ് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച കാര്യം അറിഞ്ഞത്. തുടര്‍ന്നാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടാന്‍ തീരുമാനിച്ചത്.

ആക്രമിച്ച ആള്‍ സ്വതന്ത്രനായി നടക്കുന്നത് കണ്ടാല്‍ കൂടുതല്‍ പേര്‍ക്ക് സദാചാര ഗുണ്ടായിസം നടത്താനുള്ള ധൈര്യമുണ്ടാകുമെന്നും അത് തടയണമെന്നും ദമ്പതിമാര്‍ പറഞ്ഞു. അതേസമയം, പോത്തന്‍കോട് പൊലീസ് ദുര്‍ബല വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണത്തിന്റെ വകുപ്പ് ചുമത്തിയിട്ടില്ല.

ഇക്കാര്യം കുട്ടികളുടെ മൊഴികളില്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആക്രമി സംഘത്തിലെ ഒരാളുടെ പേരില്‍ മാത്രമാണ് കേസെടുത്തത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയാല്‍ മറ്റ് വകുപ്പുകള്‍ ചുമത്താമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം ആധുനിക ലോകത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും സമൂഹത്തെ പുറകോട്ട് നടത്തുന്നതുമാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ പുരോഗമന സമൂഹത്തിന് അപമാനകരമാണെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.












Click it and Unblock the Notifications