ജപ്തി ഭീഷണിക്കിടയിലും നാട്ടുകാരെ സഹായിക്കുന്ന രാജൻ!
തിരുവനന്തപുരം: കൊവിഡ് ബാധിതർ, ക്വാറൻ്റീനിൽ കഴിയുന്നവർ, അർബുദബാധിതർ തുടങ്ങി എല്ലാവരിലും സഹായമെത്തിക്കാൻ രംഗത്തിറങ്ങുന്ന ഒരു 52 കാരനെ പരിചയപ്പെടാം ഇനി. പേര് രാജൻ.തിരുവനന്തപുരം പാറശ്ശാല സ്വദേശി. അർഹരായവർ ആവശ്യപ്പെടുന്ന എന്തു സഹായവുമെത്തിക്കാൻ രാജൻ സന്നദ്ധനാണ്. അരിയും പച്ചക്കറിയും ഉള്‍പ്പെടെ തളര്‍ന്ന കാലിന് മുകളില്‍ വച്ച് ചക്രകസേരയിലൂടെയുള്ള വണ്ടിയിൽ സഞ്ചരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തുന്ന രാജന്‍ നന്മയുള്ള മനസ്സിൻ്റെ പ്രതീകമായി മാറുകയാണ്.
ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ദുരിത കാലത്ത് മനുഷ്യരെ ചേർത്തുപിടിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ടാകും. മഹാമാരികാലത്ത് സ്വജീവൻ പോലും പണയപ്പെടുത്തിയാണ് തിരുവനന്തപുരം പാറശാല സ്വദേശി രാജൻ സഹായഹസ്തവുമായി രംഗത്തുള്ളത്.പ്രായത്തിൻ്റെ അവശതകൾ പോലും മറന്ന് ജനങ്ങളെ സേവിക്കുന്ന പുണ്യ പ്രവർത്തിയിൽ മനസ്സും ജീവിതവും ഒരുപോലെ അർപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.

തൻ്റെ ചക്രകസേര ചേർത്തുള്ള ചെറിയ വാഹനത്തിൽ അർഹരായവർക്കെല്ലാം രാജൻ വീട്ടുപടിക്കൽ സഹായം എത്തിക്കും. അതിൽ എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടും. കൊവിഡ് ബാധിതർ, ക്വാറൻ്റീനിൽ കഴിയുന്നവർ, അർബുദബാധിതർ തുടങ്ങി ആരിലേക്കും മടികൂടാതെ രാജൻ എത്തിച്ചേരും. മാസ്ക് ധരിച്ച് കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് രാജൻ്റെ കടന്നുവരവ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ അടുത്തെത്താൻ ആളുകൾ മടിക്കുമ്പോഴാണ് രാജൻ സന്നദ്ധ സേവനവുമായി സദാജാഗരൂകരാനാവുന്നത്. നാട്ടുകാർക്ക് പോലും ദൈവതുല്യനാണ് ഇദ്ദേഹം. രാജൻ ലോട്ടറി കച്ചവടക്കാരനാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോട്ടറിവില്പന നിലച്ചതോടെ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച തുടങ്ങിയ ഇദ്ദേഹം മറ്റുള്ളവരെ സഹായിക്കാമെന്ന ആലോചനയിൽ എത്തിച്ചേർന്നു.

അങ്ങനെ സ്വന്തം സഹായം കരുതലായും സാന്ത്വനമായും രാജൻ ജനങ്ങളിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏതു കുത്തിറക്കത്തിലും കയറ്റത്തിലും രാജൻ തൻ്റെ ചക്ര കസേരയുമായി വന്നുചേരുന്നത് കാണാൻ ആളുകളും ഇപ്പോൾ കാത്തിരിക്കാറുണ്ട്. അതേസമയം, മറ്റുള്ളവർക്ക് സഹായവുമായി ഓടിയെത്തുന്ന രാജൻ്റെ സ്ഥിതി കേട്ടാൽ ആരുമൊന്ന് സങ്കടപ്പെട്ടു പോകും. ബാങ്ക് അധികൃതരുടെ ജപ്തിഭീഷണിയെ തുടർന്ന് സ്വന്തം വീടൊഴിയേണ്ട ഗതികേടിലാണ് ഇദ്ദേഹം. കച്ചവടത്തിനായിട്ടെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് രാജന്റെ രണ്ടരസെന്റ് സ്ഥലവും വീടും ജപ്തി ഭീഷണിയിലായത്.

എന്നാല്‍, അതൊന്നും രാജന്റെ സഹായമനസ്‌കതയെ തകര്‍ത്തില്ല. തന്നെക്കാള്‍ അവശരായ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളാണ് സമൂഹത്തിലുള്ളതെന്നും അവര്‍ക്ക് സഹായമെത്തിക്കുന്നത് പുണ്യപ്രവൃത്തിയാണെന്നും രാജന്‍ പറയുന്നു.
അരിയും പച്ചക്കറിയും ഉള്‍പ്പെടെ തളര്‍ന്ന കാലിന് മുകളില്‍ വച്ച് ചക്രകസേരയുള്ള വണ്ടിയിൽ സഞ്ചരിച്ചെത്തുന്ന രാജന്‍ നന്മയുള്ള മനുഷ്യരുടെ പ്രതീകമായി മാറുകയാണ്. തൻ്റെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ മുകളിലൊരാളുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു കുതിക്കുകയാണ് ഇദ്ദേഹം.കൊവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി തന്നാൽ കഴിയുന്ന സാന്ത്വനവും സഹായഹസ്തവുമായി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് രാജൻ യാത്ര തുടർന്നു കൊണ്ടിരിക്കുകയാണ്...












Click it and Unblock the Notifications