മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം; പ്രതി സന്തോഷിനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: മ്യൂസിയത്തിൽ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിൻറെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻറെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതും മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിർന്നതും സന്തോഷായിരുന്നു എന്ന് വ്യക്തമായിരുന്നു. പ്രതിയെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് മഞ്ചയിൽ സ്വദേശിയാണ് സന്തോഷ് കുമാർ. അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിന്നാലെ മ്യൂസിയത്ത് ലൈംഗികാതിക്രം നടത്തിയതും ഇയാളാണെന്ന് വ്യക്തമാവുകയായിരുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും സന്തോഷിൻറെ അറസ്റ്റ് രേഖപ്പെടുത്തി.
പത്ത് വർഷമായി സന്തോഷ് ജലവിഭവ വകുപ്പിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാൾ രാത്രി നഗരത്തിൽ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്.സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
ഒക്ടോബർ 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞത് കേസ് അന്വേഷണത്തിൽ സുപ്രധാനമായി. സിസിടിവിയിൽ വാഹനത്തിൻറെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റിലാണ് ഈ അന്വേഷണം എത്തിയത്. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു.
ഇതിന്പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തി. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിനറെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി തന്നെ സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെ ഉറപ്പിച്ചു.












Click it and Unblock the Notifications