5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതിനും വിലക്ക്; എന്നിട്ടും പട്ടം പറത്തിയത് ആര്?
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയ്ക്ക് മുകളിൽ പട്ടം പറത്തിയത് കാരണം വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും വൈകിയിരുന്നു. പട്ടം താനെ നിലംപതിച്ച ശേഷമാണ് കാര്യങ്ങൾ പഴയപടിയായത്. വിമാനങ്ങൾക്ക് ഭീഷണി ആയതിനാൽ വിമാനത്താവളത്തിന് 5 കിലോ മീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതിനും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്.
ഉയരത്തിൽ കരിമരുന്ന് പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദ്ദേശങ്ങൾ മറികടന്നാണ് റെൺവേയ്ക്ക് മേലെ പട്ടം പറത്തിയത്. ആരാണ് പട്ടം പറത്തിയതെന്ന് കണ്ടെത്താൻ ആയിട്ടില്ല. സിറ്റി പോലീസ് കമ്മീഷണറായിരുന്ന നാഗരാജു ചാക്കിലാണ് ലേസർ ലൈറ്റുകളും ബലൂണുകളും പട്ടങ്ങളും വിമാനത്താവളത്തിനടുത്ത് നിരോധിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയത്.

റൺവേയ്ക്ക് 200 അടി ഉയരത്തിലാണ് ഇന്നലെ വൈകീട്ടോടെ പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടം ഉണ്ടെന്ന വിവരം വിമാനത്താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി. പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയ വൈകീട്ട് ആറരോടെയാണ് പട്ടം നിലംപതിച്ചത്.
പട്ടം കാരണം 4 വിമാനങ്ങൾ വഴി തിരിച്ച് വിടുകയും രണ്ട് വിമാനങ്ങൾ താല്ക്കാലികമായി പിടിച്ചിടുകയും ചെയ്തിരുന്നു. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോട് വിമാനത്താവള പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നൽകി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങൾ തത്ക്കാലം പാർക്കിംഗ് ബേയിൽ നിർത്തിയിടാനും നിർദ്ദേശം നൽകിയിരുന്നു.
മസ്‌കറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, ഷാർജയിൽ നിന്നുള്ള എയർ അറേബ്യ, ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ, ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ എന്നീ വിമാനങ്ങളോട് ചുറ്റിക്കറങ്ങാൻ നിർദ്ദേശിച്ചു. ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവും ബെംഗളൂരുവിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന ഇൻഡിഗോ വിമാനവും പിടിച്ചിട്ടിരുന്നു.
എയർപോർട്ട് അധികൃതർ അറിയിച്ചതനുസരിച്ച് സമീപ പ്രദേശങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയിട്ടും പട്ടം പറത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടു മണിക്കൂർ പറന്ന പട്ടം ഒടുവിൽ നിലംപതിച്ചപ്പോഴാണ് വിമാന ഷെഡ്യൂളിലെ തടസ്സം പരിഹരിച്ചത്. വട്ടമിട്ട് പറന്ന വിമാനങ്ങൾക്ക് ഓൾ സെയിൻ്റ്സിലെ റൺവേയിൽ ഇറങ്ങാൻ സാധിച്ചു. തടഞ്ഞുവച്ച വിമാനങ്ങൾ രാത്രിയോടെ യാത്ര പുനരാരംഭിച്ചു.












Click it and Unblock the Notifications