തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു: രണ്ടു സ്ത്രീകളടക്കം നാലു പേർക്കു പങ്കെന്ന് പൊലീസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തിയശേഷം ആളറിയാതിരിക്കാൻ തമിഴ്നാട്ടിലെ ശുചീന്ദ്രത്തിനു സമീപം കൊണ്ടുപോയി കത്തിച്ച സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം നാലു പേർക്കു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടിൽ ആകാശാണ് (കൊച്ചുമോൻ 22) കൊല്ലപ്പെട്ടത്. കേസിൽ മണക്കാട് സ്വാഗത് നഗറിൽ രേഷ്മ (27), വലിയതുറ വാട്സ് റോഡ് ടി.സി 71/ 641ൽ താമസിക്കുന്ന അൽഫോൺസ എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതിയായ അൽഫോൺസയുടെ മകനും രേഷ്മയുടെ ഭർത്താവുമായ അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടിൽ ജിതിൻ (ജിത്തു22) എന്നിവർ വൈകാതെ പിടിയിലാകുമെന്നു സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കാണ് രേഷ്മയും അൽഫോൺസയും പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനു ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിന് സമീപത്താണു കത്തിക്കരിയുന്ന നിലയിൽ മൃതദേഹം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. തുടർന്ന് അഞ്ചുഗ്രാമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

murdercase-15371

മുഖം കരിഞ്ഞു പോയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ കൈയിൽ ഒരു പെൺകുട്ടിയുടെ പേര് പച്ചകുത്തിയിരുന്നു. അതേപ്പറ്റി നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബൈക്ക് മോഷ്ടാക്കളാണ് അനുവും ആകാശും. മോഷണമുതൽ വിറ്റുകിട്ടിയ പണത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി. തർക്കംമൂത്തപ്പോൾ മോഷണവിവരം പൊലീസിനെ അറിയിക്കുമെന്നായി ആകാശ്. തുടർന്ന് അനുവും ജിത്തുവും ചേർന്ന് മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30ന് ആകാശിനെ വലിയതുറയിലെ അനുവിന്റെ വർക്ക്‌ഷോപ്പിലേക്ക് രേഷ്മയുടെ ഫോണിൽനിന്ന് സൗഹൃദം നടിച്ച് വിളിച്ചുവരുത്തിയ ശേഷം മദ്യത്തിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് രേഷ്മയുടെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വർക്ക്‌ഷോപ്പിന്റെ സൈഡിൽ ഷീറ്റ് മൂടി ഇട്ട ശേഷം, ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കുന്നതിനായി ഇവർ ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫേസ് ബുക്കിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന രീതിയിലുള്ള സ്റ്റാറ്റസ് ഇടുകയും ചെയ്തു.

തുടർന്നു സ്‌കോർപ്പിയോ കാർ വാടകയ്ക്കെടുത്ത് അടുത്ത ദിവസം പുലർച്ചെ രണ്ടോടെ മൂവരും ചേർന്നു മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞ് കാറിന്റെ ഡിക്കിയിൽ കയറ്റി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. മൃതദേഹം വാഹനത്തിൽ കയറ്റുമ്പോൾ അനുവിന്റെ അമ്മ അൽഫോൺസയാണ് ആരെങ്കിലും വരുന്നുണ്ടോയെന്നറിയാൻ കാവൽ നിന്നത്. തുടർന്നു ശുചീന്ദ്രത്തു കൊണ്ടുപോയി വിജനമായ സ്ഥലത്തു വച്ചു പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നും കമ്മിഷണർ അറിയിച്ചു.

ഡിസിപി ആർ.അദിത്യ, കൺട്രോൾറൂം എ.സി വി.സുരേഷ്‌കുമാർ, ശംഖുംമുഖം എ.സി ഷാനിഖാൻ, വലിയതുറ എസ്.ഐ ബിജോയ്, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്.

Thiruvananthapuram
English summary
Thiruvananthapuram Local News about man killed by a team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X