വീണ്ടും 'അശ്വതി അച്ചു'; വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി, കുടുങ്ങിയത് 68കാരന്റെ പരാതിയില്‍
തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്‍കി റിട്ട. ബാങ്ക് ജീവനക്കാരനായ 68കാരനില്‍ നിന്നും പണം തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരൂര്‍ക്കട വയലിക്കട അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരി അശ്വതി അച്ചു (39) ആണ് പൊലീസ് പിടിയിലായത്. പൂവാര്‍ സി ഐ എസ് ബി പ്രവീണ്‍, എസ് കെ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ അശ്വതി അച്ചുവിനെതിരെ നേരത്തെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
പരാതിക്കാരന് ഭിന്നശേഷിക്കാരിയായ ഒരു മകളുണ്ട്. ഈ മകളെ സംരക്ഷിക്കാനായാണ് അശ്വതി അച്ചുവിനെ ഒരാള്‍ പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് അശ്വതി വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. തനിക്ക് ഒരു ബാധ്യതയുണ്ടെന്ന് അശ്വതി അറിയിച്ചിരുന്നു. ഇത് തീര്‍ക്കാന്‍ ആദ്യ ഘട്ടത്തില്‍ 25000 രൂപ കൈപ്പറ്റി. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് പേരില്‍ 15000 രൂപയും യുവതി കൈക്കലാക്കി .

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് മുമ്പായി പൂവാറിലെ ഒരു ആധാരം എഴുത്ത് ഓഫീസിലേക്ക് ഇവര്‍ എത്തിയിരുന്നു. എന്നാല്‍ ഫോട്ടോ ഇല്ലാത്ത കാരണം പറഞ്ഞ്, യുവതി തിരികെ പോവുകയായിരുന്നു. ഈ സമയത്താണ് 15,000 രൂപ കൈക്കലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. 68കാരന്റെ പരാതിയെ തുടര്‍ന്ന് അശ്വതി അച്ചുവിനെ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ 1000 രൂപ മാത്രം കടം വാങ്ങിയെന്നാണ് അശ്വതി പറഞ്ഞത്.
എന്നാല്‍ പൂവാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണം കൈമാറിയതിന്റെയും പിന്‍വലിച്ചതിന്റെയും രേഖകള്‍ ലഭിക്കുകയായിരുന്നു. കൂടാതെ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരന്‍ പറഞ്ഞ സ്ഥലത്തെല്ലാം അശ്വതി എത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് പൊലീസ് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്.
അശ്വതി അച്ചുവിനെതിരെ നിരവധി ഹണി ട്രാപ്പ് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യമായാണ് അശ്വതി അറസ്റ്റിലാകുന്നത്. നേരത്തെ പൊലീസുകാരാണ് അശ്വതിയുടെ കെണിയില്‍ വീണിരുന്നത്. ചതിയില്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ അശ്വതി പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെ പരാതി പിന്‍വലിച്ച് പൊലീസുകാര്‍ ഒത്തുതീര്‍പ്പുമായി മുന്നോട്ടു പോകും. അതും അല്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കാതെ മുന്നോട്ടു പോകും. പൊലീസുകാരെ കൂടാതെ രാഷ്ട്രീയക്കാരും അശ്വതി അച്ചുവിന്റെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications